യുവരക്തങ്ങളുടെ കരുത്തിൽ പുതിയൊരു ബ്രസീൽ, അർജന്റീനിയൻ ആധിപത്യം അവസാനിപ്പിക്കാൻ കാനറിപ്പടക്ക് കഴിയുമോ | Brazil

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ തന്നെ ബ്രസീൽ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം അടുത്തിടെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ഡോറിവാൽ ജൂനിയറാണ് കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ചത്. ഇരുപത്തിമൂന്ന് അംഗങ്ങളുള്ള സ്‌ക്വാഡിൽ യുവതാരങ്ങൾക്ക് അദ്ദേഹം ഒരുപാട് പ്രാതിനിധ്യം നൽകിയിട്ടുണ്ട്.

പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മർ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദയനീയമായ ഫോമിൽ കളിക്കുന്ന കസമീറോ, ആഴ്‌സണൽ സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസ്, ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ റീചാർലിസൺ എന്നിവരാണ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങൾ. ടീമിലെ പ്രധാന ശക്തികേന്ദ്രങ്ങളായ ഇവരെ ഒഴിവാക്കിയതിലൂടെ തന്നെ വലിയൊരു അഴിച്ചുപണിക്ക് തുടക്കമായെന്ന് ഉറപ്പിക്കാൻ കഴിയും.

പിഎസ്‌ജിയുടെ ബെറാൾഡോ, മുന്നേറ്റനിരയിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗസ്, റയൽ മാഡ്രിഡ് കരാറിലെത്തിയ പാൽമിറാസ് താരമായ എൻഡ്രിക്ക്, ആഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി എന്നിങ്ങളെയുള്ള യുവതാരങ്ങളെ ഒത്തിണക്കത്തോടെ ഒരുക്കാൻ പരിശീലകന് കഴിഞ്ഞാൽ കോപ്പ അമേരിക്കയിൽ വിസ്ഫോടനം സൃഷ്‌ടിക്കാൻ ബ്രസീലിനു കഴിയുമെന്നതിൽ സംശയമില്ല.

യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ നിരവധി താരങ്ങളും ബ്രസീലിലുണ്ട്. അലിസൺ, എഡേഴ്‌സൺ, ഡാനിലോ, എഡർ മിലിറ്റാവോ, മാർക്വിന്യോസ്, ലൂക്കാസ് പക്വറ്റ, റാഫിന്യ തുടങ്ങിയ താരങ്ങൾക്ക് യുവതാരങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയും. കഴിഞ്ഞ മത്സരങ്ങളിൽ ഡോറിവൽ ടീമിനെക്കൊണ്ട് നടത്തിയ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗത്ത് അമേരിക്കൻ ഫുട്ബോളിലും ലോകഫുട്ബോളിലും അർജന്റീന ടീം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. അതിനെ മറികടന്ന് ബ്രസീലിനു ശക്തി തെളിയിക്കാനുള്ള അവസരമാണ് ഈ കോപ്പ അമേരിക്ക. ഈ ടൂർണ്ണമെന്റിലും കിരീടം നേടിയില്ലെങ്കിൽ ആരാധകരോഷം ശക്തമാകുമെന്നതിനാൽ കടുത്ത പോരാട്ടം തന്നെയാവും ബ്രസീൽ പുറത്തെടുക്കുക.

Brazil Squad For Copa America Announced