ആൻസലോട്ടി എത്തും മുൻപ് കോപ്പ അമേരിക്ക നേടണം, പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയാതെ വരികയും അർജന്റീന കിരീടം നേടുകയും ചെയ്‌തതോടെ സമ്മർദ്ദത്തിലായ ബ്രസീൽ ദേശീയ ടീം അടുത്ത ടൂർണമെന്റിൽ കിരീടം നേടണമെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ പരിശീലകനായ കാർലോ ആൻസലോട്ടിക്ക് വേണ്ടി ശ്രമം നടത്തിയത്. എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ.

ആൻസലോട്ടി പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കും. അതിൽ കിരീടം നേടണമെന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആ ടൂർണമെന്റ് വരെ ദേശീയ ടീമിനെ നയിക്കാൻ കഴിയുന്ന ഒരു പരിശീലകനെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ പുതിയ പരിശീലകന്റെ വിവരം ബ്രസീൽ പ്രഖ്യാപിക്കുമെന്നാണ് ഗ്ലോബെ എസ്പോർട്ടെ റിപ്പോർട്ടു ചെയ്യുന്നത്.

ലോകകപ്പിന് ശേഷം മൂന്നു മത്സരങ്ങളിൽ ബ്രസീൽ ടീമിനെ നയിച്ച റാമോൺ മെനസസിന് തന്നെ ചുമതല നൽകാനായിരുന്നു ആദ്യം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിനു കീഴിൽ മോശം പ്രകടനമാണ് ടീം നടത്തുന്നത്. ലോകകപ്പിന് ശേഷം മൊറോക്കോ, ഗിനിയ, സെനഗൽ എന്നീ ടീമുകളോട് ബ്രസീൽ മത്സരിച്ചപ്പോൾ ഗിനിയക്കെതിരെ മാത്രം വിജയിച്ച് മറ്റു മത്സരങ്ങളിൽ ബ്രസീൽ തോറ്റുപോയി.

റിപ്പോർട്ടുകൾ പ്രകാരം 2024 വരെ താൽക്കാലിക പരിശീലകനായി നിയമിക്കാൻ ഒരു ബ്രസീലിയൻ കോച്ചിനെയും ഒരു യൂറോപ്യൻ കോച്ചിനെയും ഫെഡറേഷൻ പരിഗണിക്കുന്നുണ്ട്. ഈ പരിശീലകർ ആരൊക്കെയാണെന്ന് വ്യക്തമല്ലെങ്കിലും ബ്രസീലിയൻ കോച്ച് മുൻ ഗോൾകീപ്പറും സാവോ പോളോയുടെ പരിശീലകനുമായിരുന്ന റോജറിയോ സെനിയാണെന്ന റിപ്പോർട്ടുകളുണ്ട്.

Brazil To Announce New Interim Coach Soon