മെസിക്കൊപ്പം കളിച്ചു മതിയാവാതെ റാമോസും ഇന്റർ മിയാമിയിലേക്ക്, ബാഴ്‌സ-റയൽ താരങ്ങൾ ഒരുമിച്ച് ടീമിലെത്തും | Sergio Ramos

ലയണൽ മെസിയുടെ ഇന്റർ മിയാമി ട്രാൻസ്‌ഫർ ഫുട്ബാൾ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. യൂറോപ്പിൽ ഇനിയും നിരവധി വർഷങ്ങൾ കളിക്കാൻ കഴിയുമായിരുന്നിട്ടും അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള മെസിയുടെ തീരുമാനം ആരാധകർക്കാണ് തിരിച്ചടി നൽകിയത്. ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അതുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്.

ലയണൽ മെസിക്ക് പിന്നാലെ മറ്റു ചില താരങ്ങളും യൂറോപ്പിൽ നിന്നും ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നുണ്ട്. കരാർ അവസാനിച്ചതോടെ ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്‌സും അമേരിക്കൻ ക്ലബുമായി കരാറിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ നിൽക്കുന്ന പ്രമുഖതാരം മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസാണ്.

ലയണൽ മെസിക്കൊപ്പം പിഎസ്‌ജിയിൽ ഉണ്ടായിരുന്ന സെർജിയോ റാമോസിന്റെ കരാർ പുതുക്കുന്നില്ലെന്ന തീരുമാനമാണ് ഫ്രഞ്ച് ക്ലബ് എടുത്തത്. ഇതോടെ ഫ്രീ ഏജന്റായി മാറിയ റാമോസ് അടുത്തതായി ഏതു ക്ലബിലേക്കു ചേക്കേറുമെന്ന് ആരാധകർ ഉറ്റു നോക്കുകയായിരുന്നു. അതിനിടയിലാണ് വീണ്ടും മെസിക്കൊപ്പം കളിക്കാൻ താരം ഇന്റർ മിയാമിയിലേക്കെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

സെർജിയോ റാമോസിനൊപ്പം ബാഴ്‌സലോണ കരാർ അവസാനിച്ച ലെഫ്റ്റ് ബാക്കായ ജോർദി ആൽബയെയും ഇന്റർ മിയാമി സ്വന്തമാക്കും. രണ്ടു താരങ്ങളുടെയും സൈനിങ്‌ ഉടനടി തന്നെ ഇന്റർ മിയാമി പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബാഴ്‌സലോണ ടീമിന്റെ മുൻ നായകന്മാരായിരുന്ന മൂന്നു പേരും റയൽ മാഡ്രിഡിന്റെ നായകനും ഒരുമിച്ച് കളിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

Inter Miami close To Sign Sergio Ramos And Alba