റെക്കോർഡ് ട്രാൻസ്‌ഫർ നടന്നില്ല, ബാഴ്‌സലോണ സൂപ്പർതാരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണം | Man City

ക്ലബിന് ആദ്യത്തെ ചാമ്പ്യൻസ് ലീഗും ട്രെബിൾ കിരീടനേട്ടങ്ങളും നേടിക്കൊടുത്തതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരങ്ങൾ പുറത്തു പോവുകയാണ്. ടീമിന്റെ മധ്യനിര താരമായിരുന്ന ഇൽകെയ് ഗുൻഡോഗൻ ക്ലബ് വിട്ടു ബാഴ്‌സലോണയിലേക്ക് ചേക്കേറുകയുണ്ടായി. ബെർണാഡോ സിൽവ അടക്കമുള്ള താരങ്ങളെ യൂറോപ്പിലെയും സൗദിയിലെയും മറ്റു ചില ക്ലബുകൾ നോട്ടമിട്ടു തുടങ്ങിയിട്ടുമുണ്ട്.

ക്ലബ് വിടാൻ പോകുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ഊർജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെ വെസ്റ്റ്ഹാം യുണൈറ്റഡ് താരമായ ഡെക്ലൻ റൈസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ ഉണ്ടായിരുന്നത്. റെക്കോർഡ് തുകയുടെ ഓഫർ താരത്തിനായി സിറ്റി മുന്നോട്ടു വെച്ചെങ്കിലും ഇംഗ്ലണ്ട് താരം ആഴ്‌സണലിലേക്ക് ചേക്കേറാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

റൈസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടക്കാനുള്ള സാധ്യത മങ്ങിയതിനാൽ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്കീ ഡി ജോങിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നാണ് ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഇരുപത്തിയാറുകാരനായ താരത്തെ ടീമിലെത്തിച്ചാൽ മധ്യനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പെപ് ഗ്വാർഡിയോള വിശ്വസിക്കുന്നു.

അയാക്‌സിൽ മിന്നും പ്രകടനം നടത്തിയതിനു ശേഷം ബാഴ്‌സലോണയിൽ എത്തിയ ഡി ജോങിന് തുടക്കത്തിൽ തിളങ്ങാൻ കഴിയാത്തതിനാൽ താരത്തെ വിൽക്കാൻ ക്ലബ് ഒരുങ്ങിയിരുന്നു. എന്നാൽ ബാഴ്‌സ വിടാൻ തയ്യാറാവാതിരുന്ന താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ സിറ്റി ഓഫറുമായി വന്നാലും ബാഴ്‌സലോണ അത് പരിഗണിക്കാനുള്ള സാധ്യതയില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകം മുതലേ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ശ്രമം നടത്തിയിരുന്നു. തന്റെ മുൻ പരിശീലകനായ എറിക് ടെൻ ഹാഗ് വിളിച്ചിട്ടും പോകാതെ ബാഴ്‌സലോണയിൽ തുടർന്ന താരം സാവിയുടെ പദ്ധതികളിൽ പ്രധാനിയാണ്. ബാഴ്‌സലോണക്കൊപ്പം നേട്ടങ്ങൾ സ്വന്തമാക്കാൻ തന്നെയാണ്ഡി ജോംഗ് ആഗ്രഹിക്കുന്നത്.

Man City Consider To Sign Frenkie De Jong