അടുത്ത ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ച് ബ്രസീൽ, ഗോളടിച്ചു കൂട്ടി കാനറിപ്പട തുടങ്ങി | Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ വമ്പൻ വിജയവുമായി ബ്രസീൽ. അൽപ്പം മുൻപ് അവസാനിച്ച മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ബ്രസീലിനായി സൂപ്പർതാരം നെയ്‌മർ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ റയൽ മാഡ്രിഡ് താരം റോഡ്രിഗോയും രണ്ടു ഗോളുകൾ നേടി. ബ്രസീലിന്റെ മറ്റൊരു ഗോൾ നേടിയത് ബാഴ്‌സലോണ താരം റാഫിന്യയാണ്. വിക്റ്റർ അബ്രീഗോ ബൊളീവിയയുടെ ആശ്വാസഗോൾ സ്വന്തമാക്കി.

നെയ്‌മർ പതിനേഴാം മിനുട്ടിൽ പെനാൽറ്റി നഷ്‌ടമാക്കി തുടങ്ങിയ മത്സരത്തിൽ ഇരുപത്തിനാലാം മിനുട്ടിൽ റോഡ്രിഗോ ടീമിനെ മുന്നിലെത്തിച്ചു. ഒരു റീബൗണ്ടിൽ നിന്നുമാണ് റയൽ മാഡ്രിഡ് താരം വല കുലുക്കിയത്. അതിനു ശേഷം രണ്ടാം പകുതിയിൽ നെയ്‌മറുടെ അസിസ്റ്റിൽ മികച്ചൊരു ക്ലിനിക്കൽ ഫിനിഷിംഗിലൂടെ റാഫിന്യ ലീഡുയർത്തി. അതിനു പിന്നാലെ ബ്രൂണോയുടെ പാസ് പിടിച്ചെടുത്തു ഗോളിയെ കീഴടക്കി റോഡ്രിഗോ തന്റെ രണ്ടാമത്തെ ഗോളും നേടി.

മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ നെയ്‌മറുടെ ആദ്യത്തെ ഗോൾ വരുന്നത് അറുപത്തിയൊന്നാം മിനുട്ടിലാണ്. അതിനു പിന്നാലെ എഴുപത്തിയെട്ടാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ അബ്രീഗോ ബൊളീവിയയുടെ ആശ്വാസഗോൾ നേടി. ഇഞ്ചുറി ടൈമിലാണ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ പിറക്കുന്നത്. റാഫിന്യയുടെ അസിസ്റ്റിൽ നെയ്‌മറാണ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാമത്തേയും ഗോൾ നേടിയത്. ആദ്യത്തെ പെനാൽറ്റി ഗോളാക്കിയിരുന്നെങ്കിൽ ഹാട്രിക്ക് നേട്ടം താരത്തിന് സ്വന്തമായേനെ.

മികച്ച വിജയം നേടി ലോകകപ്പ് യോഗ്യത നേടാനുള്ള തുടക്കം ഗംഭീരമാക്കാൻ ബ്രസീലിനായി. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന വിജയം നേടിയതോടെ അടുത്ത ലോകകപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ സ്വന്തമാക്കാൻ ബ്രസീലിനു മേൽ സമ്മർദ്ദമുണ്ട്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ യോഗ്യത നേടിയത്. ഇത്തവണയും അതിനു കഴിയുമെന്ന് തെളിയിക്കാൻ ആദ്യത്തെ മത്സരത്തിൽ തന്നെ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

Brazil Won Against Bolivia In World Cup Qualifiers