“എനിക്ക് തളർച്ച തോന്നി”- ഇക്വഡോറിനെതിരായ മത്സരം പൂർത്തിയാക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ലയണൽ മെസി | Messi

ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസിയുടെ എഴുപത്തിയൊമ്പതാം മിനുട്ടിൽ ഗോളാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച സമയത്താണ് ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോൾ പിറന്നത്. ഇതോടെ ലോകകപ്പ് നേടിയ അർജന്റീന ടീമിന് അതിനു ശേഷമുള്ള ആദ്യത്തെ ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്നെ സമനില വഴങ്ങേണ്ടി വരികയെന്ന നാണക്കേട് ഒഴിവായിക്കിട്ടി.

മത്സരത്തിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചെങ്കിലും കളി പൂർത്തിയാക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നില്ല. എൺപത്തിയൊമ്പതാം മിനുട്ടിൽ താരത്തെ പിൻവലിച്ച സ്‌കലോണി എക്സെക്വിൽ പലാസിയോസിനെ കളത്തിലിറക്കിയിരുന്നു. പൊതുവെ പരിക്കിന്റെ പ്രശ്‌നങ്ങളില്ലെങ്കിലല്ലാതെ ലയണൽ മെസിയെ മത്സരങ്ങളിൽ നിന്നും പിൻവലിക്കാറില്ല. അതുകൊണ്ടു തന്നെ മത്സരത്തിന് ശേഷം മാധ്യമങ്ങൾ സ്‌കലോണിയോട് ചോദിച്ചതും അതിനെപ്പറ്റിയായിരുന്നു.

എന്നാൽ ലയണൽ മെസിയുടെ ആവശ്യപ്രകാരമാണ് താരത്തെ മത്സരത്തിൽ നിന്നും പിൻവലിച്ചതെന്നാണ് സ്‌കലോണി പറഞ്ഞത്. താരത്തിന് എന്തെങ്കിലും മറ്റു പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെസി പറഞ്ഞത് തനിക്ക് തളർച്ച തോന്നിയതു കൊണ്ടാണ് മത്സരത്തിൽ നിന്നും പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നും ഇനിയുള്ള മത്സരങ്ങളിലും അതുണ്ടാകാനുള്ള സാഹചര്യം വന്നേക്കുമെന്നുമാണ്. തനിക്ക് ശാരീരികപരമായി യാതൊരു കുഴപ്പവുമില്ലെന്നും മെസി കൂട്ടിച്ചേർത്തു.

മെസിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് ഇനിയുള്ള മത്സരങ്ങളിലും താരം പിൻവലിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്. മെസിയുടെ അഭ്യർത്ഥന പ്രകാരമാണ് താരത്തെ പിൻവലിച്ചതെന്ന സ്‌കലോണിയുടെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് താരം തന്റെ ശാരീരികമായ പ്രശ്‌നങ്ങളെ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നാണ്. അതുകൊണ്ടു തന്നെ വിജയം ഉറപ്പിക്കാൻ കഴിയുന്ന മത്സരങ്ങളിൽ ലയണൽ മെസി ഇനിയും പകരക്കാരനാകാൻ സാധ്യതയുണ്ട്.

Messi Reveals Why He Got Substituted