മെസി തകർപ്പൻ ഗോളടിച്ച മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം, അർജന്റീനയുടെ വൻമതിലായി ക്രിസ്റ്റ്യൻ റോമെറോ | Romero

ഇക്വഡോറുമായി ഇന്നു രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസിയാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. അർജന്റീനയുടെ മുന്നേറ്റങ്ങളെ ഇക്വഡോർ സമർത്ഥമായി പ്രതിരോധിച്ച മത്സരത്തിൽ എഴുപത്തിയൊമ്പതാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മെസി ഗോളാക്കി മാറ്റിയതോടെയാണ് അർജന്റീന വിജയം നേടിയത്. കഴിഞ്ഞ ലോകകപ്പ് നേടിയ അർജന്റീനക്ക് ഇത്തവണ വിജയത്തോടെ അടുത്ത ലോകകപ്പിന് യോഗ്യത നേടാനുള്ള ക്യാമ്പയിന് തുടക്കം കുറിക്കാൻ കഴിഞ്ഞു.

എന്നാൽ ലയണൽ മെസിയുടെ ഗോളിനപ്പുറം മത്സരത്തിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയത് ടീമിന്റെ പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേറോയാണ്. ഇക്വഡോർ നല്ല രീതിയിൽ തന്നെ പൊരുതിയെങ്കിലും ടീമിന്റെ ആക്രമണങ്ങളെ തുടക്കത്തിൽ തന്നെ പിഴുതെറിഞ്ഞ ടോട്ടനം ഹോസ്‌പർ താരം ഏഴു ടാക്കിളുകളാണ് മത്സരത്തിൽ നടത്തിയത്. ഇതിൽ ഒരു ലാസ്റ്റ് മാൻ ടാക്കിലും ഉൾപ്പെടുന്നു. ഇതിനു പുറമെ എട്ടിൽ ഏഴു ഗ്രൗണ്ട് ഡുവൽസും വിജയിക്കാനും ഒരു ഷോട്ട് ബ്ലോക്ക് ചെയ്യാനും റൊമേറോക്ക് കഴിഞ്ഞു.

മത്സരത്തിനു ശേഷം അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി റൊമേറോയെ പ്രശംസിച്ചു സംസാരിച്ചത് താരത്തിന്റെ പ്രകടനം എത്ര മികച്ചതായിരുന്നുവെന്നതിന്റെ തെളിവാണ്. റൊമേറോയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ തനിക്ക് വാക്കുകളില്ലെന്നും ഹീ-മാനെപ്പോലെയാണ് ആരാധകരുടെ പിന്തുണയിൽ താരം കളിച്ചതിനും സ്‌കലോണി പറഞ്ഞു. മൈതാനത്തിന്റെ എഴുപതു മീറ്ററോളം ഓടുന്ന താരം മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റലാന്റാക്കൊപ്പം മികച്ച പ്രകടനം നടത്തി സീരി എയിലെ മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അർജന്റീന ടീമിലെത്തിയ റൊമേറോയിപ്പോൾ വിശ്വസ്ഥനാണ്. താരത്തിന്റെ സാന്നിധ്യം അർജന്റീന ടീമിന് പുതിയൊരു കരുത്ത് നൽകിയെന്ന് ലയണൽ മെസി തന്നെ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ ടോട്ടനം ഹോസ്പറിൽ കളിക്കുന്ന താരം അവിടെയും മികച്ച പ്രകടനമാണ് നടത്തുന്നത്. 25 വയസ് മാത്രമുള്ള താരത്തിന് ഇനിയുമേറെ വർഷം അർജന്റീന പ്രതിരോധത്തിലെ പ്രധാനിയായി തുടരുമെന്നതിൽ സംശയമില്ല.

Cristian Romero Superb Game Vs Ecuador