മെസിയെ തടയാൻ നോക്കിയ പ്രീമിയർ ലീഗിലെ വിലയേറിയ താരം നിലത്തു വീണുരുണ്ടു, വൈറലായി മെസിയുടെ അത്ഭുതനീക്കം | Messi

ഒരിക്കൽക്കൂടി ലയണൽ മെസി അർജന്റീനയുടെ രക്ഷകനാകുന്നതാണ് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ കണ്ടത്. എഴുപത്തിയൊമ്പതാം മിനുട്ട് വരെയും അർജന്റീനയുടെ മുന്നേറ്റങ്ങളെ കൃത്യമായി ഇക്വഡോർ തടഞ്ഞു നിർത്തിയെങ്കിലും അതിനു ശേഷം ലഭിച്ച ഫ്രീകിക്ക് മനോഹരമായി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. മെസിയുടെ ഗോളിൽ ലോകകപ്പ് യോഗ്യത മത്സരം വിജയത്തോടെ തുടങ്ങാനും അർജന്റീനക്ക് കഴിഞ്ഞു.

ഓരോ മത്സരത്തിനു ശേഷവും ആരാധകർക്ക് ഓർത്തു വെക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകാറുള്ള മെസി ഈ മത്സരത്തിലും അതാവർത്തിച്ചിട്ടുണ്ട്. ഫ്രീകിക്ക് ഗോളിനു പുറമെ, പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായി ബ്രൈറ്റണിൽ നിന്നും ചെൽസി സ്വന്തമാക്കിയ മൊയ്‌സസ് കൈസഡോയെ നിഷ്പ്രഭമാക്കുന്ന മെസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുപത്തിയൊന്നുകാരനായ താരത്തെ മെസി വട്ടം ചുറ്റിച്ചത്.

ആദ്യപകുതിയിൽ മെസിയെ തടയാൻ ഒരു പരിധി വരെ കൈസഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മെസി ഒന്നുകൂടി മികച്ചു നിന്നു. ഒരു ഘട്ടത്തിൽ വലതു വിങ്ങിൽ വെച്ച് തന്നെ തടയാൻ വന്ന കൈസഡോയെ വട്ടം ചുറ്റിച്ച മെസി താരത്തെ പൂർണമായും നിഷ്പ്രഭമാക്കി. മെസിയുടെ ബോഡി ഫെയിന്റുകളിൽ കബളിപ്പിക്കപ്പെട്ട കൈസഡോ ബാലൻസ് തെറ്റി വീഴുകയും ചെയ്‌തു. അതൊരു മനോഹരമായ മുന്നേറ്റമാക്കി മെസി മാറ്റിയെങ്കിലും ഗോൾ കണ്ടെത്താൻ താരത്തിന് കഴിഞ്ഞില്ല.

പ്രീമിയർ ലീഗിലെ വിലയേറിയ താരങ്ങളെ നിഷ്പ്രഭമാക്കുന്നത് മെസിയുടെ ഹോബിയായി മാറിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗ്വാർഡിയോളിനെ മെസി ലോകകപ്പിൽ വട്ടം ചുറ്റിച്ചത് ആരാധകർക്ക് മറക്കാനാകാത്ത നിമിഷമായിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ താരത്തെക്കൂടി മെസി തറപറ്റിച്ചതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Messi Cooked Caicedo In World Cup Qualifier