ബ്രസീലിയൻ ഇതിഹാസങ്ങളുടെ റെക്കോർഡ് മെസിക്ക് മുന്നിൽ വീഴും, അവിശ്വസനീയം അർജന്റീന നായകൻറെ കുതിപ്പ് | Messi

ഇക്വഡോറിനെതിരെ ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന സമനിലയിൽ പിരിയുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. അർജന്റീനയുടെ മുന്നേറ്റങ്ങളുടെയെല്ലാം മുനയൊടിക്കാൻ ഇക്വഡോറിനു കഴിഞ്ഞെങ്കിലും എഴുപത്തിയൊമ്പതാം മിനുട്ടിൽ ലയണൽ മെസി അവതരിച്ച് ടീമിന് വിജയം നേടിക്കൊടുത്തു. ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെയാണ് അർജന്റീന നായകൻ ഒരിക്കൽക്കൂടി തന്റെ ടീമിന്റെ രക്ഷകനായി മാറിയത്.

ഇന്നത്തെ മത്സരത്തിൽ ഫ്രീ കിക്ക് ഗോൾ നേടിയതോടെ കരിയറിലെ അറുപത്തിയഞ്ചാം ഫ്രീ കിക്ക് ഗോളാണ് ലയണൽ മെസി നേടുന്നത്. ഇതോടെ ഏറ്റവുമധികം ഫ്രീ കിക്കുകൾ ഗോളാക്കി മാറ്റിയ താരങ്ങളിൽ ഡേവിഡ് ബെക്കാമിനൊപ്പമെത്താൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഈ വർഷം മാത്രം അഞ്ചു ഫ്രീകിക്ക് ഗോളുകൾ നേടിയ ലയണൽ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടുന്ന നാലാമത്തെ ഫ്രീകിക്ക് ഗോൾ കൂടിയായിരുന്നു. പതിനൊന്നു ഫ്രീകിക്ക് ഗോളുകൾ അർജന്റീനക്ക് വേണ്ടിയാണ് മെസി നേടിയിട്ടുള്ളത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രീകിക്ക് ഗോളുകൾ നേടുന്നതിൽ അത്ഭുതപ്പെടുത്തുന്ന കുതിപ്പ് കാണിക്കുന്ന ലയണൽ മെസി ഏറ്റവുമധികം കരിയർ ഫ്രീകിക്കുകൾ നേടുന്ന താരമെന്ന റെക്കോർഡിലേക്കാണ് മുന്നേറുന്നത്. 77 ഫ്രീകിക്കുകൾ നേടിയ ബ്രസീലിയൻ താരം ജൂനിന്യോ ഈ നേട്ടത്തിൽ ഒന്നാമത് നിൽക്കുമ്പോൾ 70 ഗോളുകൾ നേടിയ പെലെ രണ്ടാം സ്ഥാനത്താണ്. അറുപത്തിയാറു വീതം ഗോളുകൾ നേടിയ അർജന്റീന താരം ലെഗ്‌ടോടാഗ്‌ലിയും ബ്രസീലിയൻ താരം റൊണാൾഡീന്യോയുമാണ് മൂന്നാം സ്ഥാനത്ത്.

നിലവിൽ 65 ഗോളുകളുള്ള മെസി അടുത്ത ഫ്രീകിക്ക് ഗോളോടു കൂടി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുമെന്നുറപ്പാണ്. അതിനു ശേഷം ബ്രസീലിയൻ ഇതിഹാസങ്ങളുടെ റെക്കോർഡ് ലക്ഷ്യമിട്ടാണ് അർജന്റീന നായകൻ മുന്നേറുന്നത്. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരിയായ ഫ്രീകിക്ക് ടേക്കറായ ലയണൽ മെസി കരിയർ അവസാനിക്കുമ്പോഴേക്കും ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Messi Scored 65 Freekicks In Career