ഫുട്ബോൾ മാന്ത്രികൻ വീണ്ടും മഴവിൽ വിരിയിച്ചു, മെസിയുടെ ഫ്രീകിക്ക് ഗോളിൽ അർജന്റീനക്ക് വിജയം | Messi

ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് വിജയം. മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനുട്ടിൽ ലയണൽ മെസി നേടിയ ഫ്രീ കിക്ക് ഗോളിലാണ് അർജന്റീന വിജയം നേടിയത്. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ അർജന്റീന സമനില വഴങ്ങുമെന്ന സാഹചര്യത്തിലാണ് ലയണൽ മെസി ഗോളുമായി അവതരിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിടാൻ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനക്ക് കഴിഞ്ഞു.

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇറങ്ങിയ ടീമിൽ നിന്നും ഒരൊറ്റ മാറ്റവുമായാണ് അർജന്റീന ഇക്വഡോറിനെതിരെ ഇറങ്ങിയത്. ഏഞ്ചൽ ഡി മരിയക്ക് പകരം നിക്കോളാസ് ഗോൺസാലസാണ് മുന്നേറ്റനിരയിൽ ഇടം പിടിച്ചത്. മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ അർജന്റീന വളരെയധികം ബുദ്ധിമുട്ടി. പന്തടക്കത്തിലും ഷോട്ടുകൾ ഉതിർക്കുന്നതിലുമെല്ലാം അർജന്റീന തന്നെയാണ് മുന്നിൽ നിന്നത്. ഇടവേളകളിൽ ഇക്വഡോറിന്റെ ആക്രമണങ്ങളും ഉണ്ടായിരുന്നു.

എഴുപത്തിയൊമ്പതാം മിനുട്ടിലാണ് അർജന്റീനക്ക് വേണ്ടി ഒരിക്കൽക്കൂടി മെസി അവതരിച്ചത്. പെനാൽറ്റി ബോക്‌സിന്റെ തൊട്ടു പുറത്തു നിന്നും ലഭിച്ച ഫ്രീകിക്ക് എടുത്ത താരം ഗോൾകീപ്പർക്ക് അനങ്ങാൻ പോലും സമയം നൽകാതെയാണ് അത് വലയിലെത്തിച്ചത്. ബോക്‌സിനു തൊട്ടു പുറത്തു നിന്നുമുള്ള ഫ്രീ കിക്കുകളിൽ താൻ വളരെയധികം അപകടകാരിയാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ കഴിഞ്ഞ ലയണൽ മെസി അർജന്റീനക്ക് സ്വന്തമാക്കി നൽകിയത് നിർണായക വിജയം കൂടിയായിരുന്നു.

ഇക്വഡോറിനെതിരായ മത്സരത്തിൽ വിജയിച്ച അർജന്റീനയുടെ അടുത്ത മത്സരം കൂടുതൽ കടുപ്പമുള്ള ഒന്നായിരിക്കും. അർജന്റീനക്ക് എപ്പോഴും തലവേദന സൃഷ്ടിക്കാറുള്ള ബൊളീവിയൻ ടീമിനെ അവരുടെ നാട്ടിൽ വെച്ചാണ് എതിരിടേണ്ടി വരുന്നത്. എന്നാൽ മികച്ച ഫോമിലുള്ള ലയണൽ മെസിക്കും സംഘത്തിനും വിജയം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ഇന്നത്തെ മത്സരത്തിലെ വിജയം അവർക്ക് കൂടുതൽ ആത്മവിശ്വാസവും നൽകും.

Messi Freekick Goal Vs Ecuador