അവസാന മിനുട്ടിൽ സൂപ്പർഗോൾ, പെറുവിന്റെ വൻമതിൽ തകർത്ത് കാനറിപ്പട | Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ വിജയം സ്വന്തമാക്കി ബ്രസീൽ. സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ മാർക്വിന്യോസ് നേടിയ ഗോളിലാണ് ബ്രസീൽ വിജയം നേടിയത്. നെയ്‌മർ ഗോളിന് വഴിയൊരുക്കി. ഇതോടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കി തുടക്കം ഗംഭീരമാക്കാൻ ബ്രസീൽ ടീമിനായി.

മത്സരത്തിൽ സ്വന്തം മൈതാനത്ത് ബ്രസീലിനെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിൽ പെറു വിജയിച്ചു എന്നു പറയാം. മുപ്പത്തിരണ്ടാം മിനുട്ടിൽ റിച്ചാർലിസൺ ബ്രസീലിനായി വല കുലുക്കിയെങ്കിലും വീഡിയോ റഫറിയുടെ പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി. നിരവധി മത്സരങ്ങളിലായി ഗോൾ കണ്ടെത്താതെ വിഷമിക്കുന്ന താരത്തിന് ആ മോശം റെക്കോർഡ് മാറ്റാനുള്ള അവസരമാണ് ഓഫ്‌സൈഡ് കോളിലൂടെ നഷ്‌ടമായത്.

രണ്ടാം പകുതിയിൽ ബ്രസീൽ വിജയം നേടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. മത്സരം ഉറപ്പായും സമനിലയിലേക്ക് പോകുമെന്ന സാഹചര്യത്തിലാണ് തൊണ്ണൂറാം മിനുട്ടിൽ ബ്രസീലിന്റെ ഗോൾ പിറക്കുന്നത്. നെയ്‌മർ എടുത്ത കോർണറിൽ നിന്നും മാർക്വിന്യോസ് വല കുലുക്കി നിർണായക വിജയം ടീമിന് സ്വന്തമാക്കി നൽകി. അതിനു പിന്നാലെ തന്നെ നെയ്‌മറെ പരിശീലകൻ ഡിനിസ് പിൻവലിക്കുകയും ചെയ്‌തു.

കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്‌മർ ഈ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. വിജയഗോളിന് അസിസ്റ്റ് നൽകിയതിനു പുറമെ മൂന്നു കീ പാസുകൾ മത്സരത്തിൽ നൽകിയ താരം ഒരു വമ്പൻ അവസരം ഉണ്ടാക്കിയെടുക്കുകയും ചെയ്‌തു. എന്തായാലും പുതിയ പരിശീലകനു കീഴിൽ ആദ്യത്തെ രണ്ടു പ്രധാന മത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞത് ബ്രസീലിനു ആത്മവിശ്വാസം നൽകുന്ന കാര്യം തന്നെയാണ്.

Brazil Won Against Peru In World Cup Qualifier