ലൂണക്ക് ഭീഷണിയാകുമെന്ന് ഉറപ്പായി, ജപ്പാൻ താരത്തിന്റെ മിന്നൽ ഫ്രീകിക്ക് കാണേണ്ടതു തന്നെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി യുഎഇയിൽ പര്യടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷ നൽകുന്ന വിജയമാണ് നേടിയത്. യുഎഇയിലെ മികച്ച ക്ലബുകളിൽ ഒന്നായ ഷാർജാ എഫ്‌സിക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞത് വരുന്ന സീസണിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷ കൂടിയാണ് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. ടീമിന്റെ രണ്ടു ഗോളുകളും പുതിയ താരങ്ങളാണ് നേടിയതെന്ന പ്രത്യേകതയുണ്ട്. ആദ്യത്തെ ഗോൾ ജാപ്പനീസ് താരം ഡൈസുകെ സകായ് ആണ് സ്വന്തമാക്കിയത്. ബോക്‌സിന് പുറത്തു നിന്നും ലഭിച്ച ഫ്രീകിക്ക് താരം മനോഹരമായി വലയിലേക്ക് എത്തിക്കുകയായിരുന്നു. ഫ്രീ കിക്കിലും ലോങ്ങ് റേഞ്ചറിലുമുള്ള തന്റെ മികവ് താരം ഒരിക്കൽക്കൂടി പ്രകടിപ്പിച്ചു.

അതിനു ശേഷം ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത് പുതിയതായി ടീമിലെത്തിയ ഗാന യുവതാരം പേപ്പറാഹ് ആണ്. ദിമിത്രിയോസിനു പരിക്കേറ്റ സാഹചര്യത്തിൽ ടീമിന്റെ മുന്നേറ്റനിരയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിക്കാൻ ഈ ഗോളിലൂടെ താരത്തിന് കഴിഞ്ഞു. ആദ്യത്തെ പകുതിയിൽ തന്നെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ കൂടുതൽ പൊരുതിയാണ് ലീഡ് നിലനിർത്തി വിജയം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ചിന് പരിക്ക് പറ്റിയത് ടീമിന് ചെറിയൊരു ആശങ്ക നൽകുന്നുണ്ട്. താരത്തിന്റെ പരിക്കിന്റെ വിവരങ്ങൾ ലഭ്യമല്ല. പ്രീ സീസൺ പര്യടനത്തിൽ ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കും. അതിനു ശേഷം കേരളത്തിലേക്ക് തിരിച്ചെത്തുന്ന ടീം പുതിയ സീസൺ ലക്ഷ്യമിട്ടുള്ള പരിശീലനവും ആരംഭിക്കും. ഒരാഴ്‌ചക്കകം മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ്.

Sakai Scored Freekick Goal for Kerala Blasters