മെസി ശ്രമിക്കാൻ പോലും തയ്യാറായിരുന്നില്ല, ബൊളീവിയക്കെതിരെ താരത്തിന്റെ അഭാവത്തെക്കുറിച്ച് സ്‌കലോണി | Messi

അർജന്റീനയെ സംബന്ധിച്ച് ബൊളീവിയയുടെ മൈതാനമായ ലാ പാസിൽ നടക്കുന്ന മത്സരങ്ങൾ ബാലികേറാ മലയായിരുന്നെങ്കിലും ഇന്നലെ നടന്ന മത്സരത്തോടെ അതങ്ങിനെയല്ലെന്നു തെളിയിച്ചിരിക്കുകയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ശ്വാസം കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള, സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരം കൂടിയ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ അർജന്റീന വിജയം നേടിയത്. എൻസോ ഫെർണാണ്ടസ്, ടാഗ്ലിയാഫികോ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് ഗോളുകൾ നേടിയത്.

അർജന്റീനയുടെ പ്രധാന താരവും നായകനുമായ ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തിലാണ് ടീം മികച്ച വിജയം നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ മെസി ടീമിനായി വിജയഗോൾ കുറിച്ചെങ്കിലും മത്സരം മുഴുവനാക്കിയിരുന്നില്ല. ശാരീരികാപരമായ അസ്വസ്ഥതകൾ നേരിട്ടതിനാൽ മത്സരത്തിൽ നിന്നും പിൻവലിക്കപ്പെട്ട താരം അതിന്റെ ഭാഗമായാണ് ഇന്നലത്തെ മത്സരത്തിലും പങ്കെടുക്കാതിരുന്നത്. പരിശീലകൻ ലയണൽ സ്‌കലോണിയും അത് വ്യക്തമാക്കുകയുണ്ടായി.

“മെസി മത്സരത്തിനിറങ്ങാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം താരം അസുഖത്തിൽ നിന്നും മോചിതനാകാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും അസ്വസ്ഥത മുഴുവനായും മാറിയിരുന്നില്ല. അതുകൊണ്ടു തന്നെ സാഹസത്തിനു മുതിരേണ്ടെന്നു ഞങ്ങൾ കരുതുകയായിരുന്നു. മെസി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിൽ മെസിയോട് ശ്രമിച്ചു നോക്കാൻ ഞങ്ങൾ പറഞ്ഞെങ്കിലും ശ്രമം നടത്താൻ പോലും താരം തയ്യാറായിരുന്നില്ല.” അർജന്റീന പരിശീലകൻ പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിച്ചതിനാൽ ഇനി ഇന്റർ മിയാമിക്കൊപ്പമാണ് ലയണൽ മെസിയുടെ അടുത്ത മത്സരം. നിലവിൽ ഫിറ്റ്നസ് വീണ്ടെടുക്കാത്ത താരം അടുത്ത മത്സരത്തിനു മുൻപ് തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്‌തംബർ 27നു നടക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിനു താരം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനു മുൻപ് രണ്ട് ലീഗ് മത്സരങ്ങൾ താരത്തിന് കളിക്കാൻ ബാക്കിയുണ്ട്.

Scaloni About Messi Absence Vs Bolivia