ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുന്ന ക്ലബുകളിൽ നിന്നും പരിശീലകർ പുറത്തു പോകുന്നത് ഇപ്പോൾ സ്ഥിരമായി നടക്കുന്ന സംഭവമാണ്. റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറി അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച് ഇപ്പോൾ അൽ നസ്റിലുള്ള റൊണാൾഡോ ഈ ക്ലബുകളിൽ കളിക്കുമ്പോൾ ആറു പരിശീലകരാണ് പുറത്തു പോയത്. ഇതിനു പുറമെ പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും ഫെർണാണ്ടോ സാന്റോസും പുറത്താക്കപ്പെട്ടു.
മാസിമിലിയാനോ അല്ലെഗ്രി, മൗറീസിയോ സാറി, ആന്ദ്രേ പിർലോ, ഒലെ ഗുണ്ണാർ സോൾഷെയർ, റാൽഫ് റാങ്നിക്ക് എന്നിവരാണ് റൊണാൾഡോ കളിക്കുന്ന സമയത്ത് യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളിൽ നിന്നും പുറത്തു പോയത്. ലോകകപ്പിൽ നിന്നും പുറത്തായതോടെ ഫെർണാണ്ടോ സാന്റോസിന്റെ സ്ഥാനവും തെറിച്ചു. ഇതിനു പിന്നാലെ ഇപ്പോൾ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ ക്ലബിന്റെ പരിശീലകനെയും അവർ പുറത്താക്കിയിട്ടുണ്ട്.
📲 Cristiano Ronaldo says goodbye to Rudi Garcia via IG stories:
— CR7 Portugal (@CR7_PORFC) April 13, 2023
“Pleasure to have worked with you. Wishing you all the best for the future.” pic.twitter.com/XS8wDrNbiR
അൽ നസ്ർ പരിശീലകനായ റൂഡി ഗാർസിയയെ പുറത്താക്കാനുള്ള തീരുമാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും വ്യക്തമായ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റൂഡി ഗാർസിയയും ഡ്രസിങ് റൂമിലെ താരങ്ങളും തമ്മിൽ അത്ര നല്ല സുഖത്തിലല്ലെന്നും പരിശീലകന്റെ ഇടപെടലിൽ അവർക്ക് അസംതൃപ്തി ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അൽ നസ്ർ ഡ്രസിങ് റൂമിൽ വ്യക്തമായ ആധിപത്യം റൊണാൾഡൊക്കുണ്ടെന്ന കാര്യത്തിലും സംശയമില്ല.
അതേസമയം പരിശീലകനെ അൽ നസ്ർ പുറത്താക്കിയതിന് പിന്നാലെ റൊണാൾഡോ തന്റെ പ്രതികരണം നടത്തിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിയിലൂടെയാണ് സ്ഥാനം നഷ്ടമായ പരിശീലകന് റൊണാൾഡോ സന്ദേശം അയച്ചിരിക്കുന്നത്. “നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, ഭാവിക്ക് എല്ലാ വിധ ആശംസകളും” എന്നാണു ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകന് നൽകിയ സന്ദേശം.
സൗദി പ്രൊ ലീഗിൽ ഏതാനും മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ലീഗിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയുടെ അൽ നസ്ർ. റൊണാൾഡോ ആദ്യത്തെ മത്സരം കളിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ക്ലബാണ് ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുന്നത്. അതേസമയം അടുത്ത മത്സരത്തിൽ മറ്റൊരു വമ്പൻ ടീമായ അൽ ഹിലാലാണ് അൽ നസ്റിന്റെ എതിരാളികൾ. ഇനി ആരാണ് പരിശീലകനാവുക എന്നാണു ആരാധകരിപ്പോൾ ഉറ്റു നോക്കുന്നത്.
Content Highlights: Cristiano Ronaldo Message To Sacked Rudi Garcia