ഇവൻ എമിലിയാനോയെ വെല്ലുന്ന ഗോൾകീപ്പർ, പോർച്ചുഗലിന്റെ ഹീറോയായി ഡിയാഗോ കോസ്റ്റ

പോർച്ചുഗലും സ്ലോവേനിയയും തമ്മിൽ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരം സംഭവബഹുലമായ ഒന്നായിരുന്നു. മത്സരത്തിൽ പോർച്ചുഗൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോളുകൾ നേടാൻ അവർക്കായില്ല. ഇതേത്തുടർന്ന് എക്‌സ്ട്രാ ടൈമും കഴിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരം പൂർത്തിയായത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എക്‌സ്ട്രാ ടൈമിൽ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്‌തു.

റൊണാൾഡോ നിരാശപ്പെടുത്തിയ മത്സരത്തിൽ പോർച്ചുഗലിന്റെ ഹീറോയായത് ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയാണ്. മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തി ടീമിനെ പ്രതിരോധത്തിലാക്കിയപ്പോൾ ഷൂട്ടൗട്ടിൽ നേരിട്ട മൂന്നു പെനാൽറ്റികളും തടുത്തിട്ട് താരം പോർച്ചുഗലിന്റെ ഹീറോയായി. മത്സരത്തിൽ കളിയിലെ താരവും ഡിയാഗോ കോസ്റ്റയായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആധിപത്യം പുലർത്തുന്ന ഗോൾകീപ്പറെക്കുറിച്ച് പറയുമ്പോൾ പലരും ചിന്തിക്കുക അർജന്റൈൻ ഗോളിയായ എമിലിയാനോ മാർട്ടിനസിനെയാകും. എന്നാൽ ഇനിയത് ചേരുക ഡിയാഗോ കോസ്റ്റക്കാണ്‌. ഇതാദ്യമായല്ല പെനാൽറ്റി തടുക്കുന്നതിൽ കോസ്റ്റ ആധിപത്യം കാണിക്കുന്നത്. 2022ൽ ക്ലബ് ബ്രൂഗേക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം മൂന്നു പെനാൽറ്റികൾ തടുത്തിരുന്നു.

പല കാര്യങ്ങൾ കൊണ്ടും എമിലിയാനോ മാർട്ടിനസിന്റെ ലോകകപ്പ് ഫൈനലിലെ പ്രകടനം ഡിയാഗോ കോസ്റ്റ ഓർമിപ്പിച്ചു. ലോകകപ്പ് ഫൈനലിന്റെ അവസാന മിനുട്ടിൽ കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ തടുത്തിട്ടതു പോലെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ സ്ലോവേനിയൻ താരം സെസ്‌കോയുടെ ഷോട്ട് തടുത്തിട്ട് പോർച്ചുഗലിന്റെ രക്ഷപ്പെടുത്താൻ കോസ്റ്റക്ക് കഴിഞ്ഞിരുന്നു.

ഇതാദ്യമായാണ് ഒരു ഗോൾകീപ്പർ യൂറോ കപ്പിൽ മൂന്നു പെനാൽറ്റികൾ തടുത്തിടുന്നത്. എന്തായാലും റൊണാൾഡോ വരുത്തിയ വലിയൊരു പിഴവിനെ ഇല്ലാതാക്കാൻ പോർച്ചുഗലിന്റെ പറക്കും ഗോൾകീപ്പർക്ക് കഴിഞ്ഞു. ഇനി പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ നേരിടുമ്പോൾ ഏതു ടീമും ഒന്ന് ഭയക്കുമെന്നതിൽ സംശയമില്ല.