പ്രതീക്ഷ നൽകുന്ന റിപ്പോർട്ട്, ഡ്യൂറൻഡ് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സും
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് കിരീടത്തോടെ തുടക്കം കുറിക്കാനുള്ള ഒരു അവസരമാണ് ഡ്യൂറൻഡ് കപ്പ്. ഇന്നലെ ആരംഭിച്ച ടൂർണമെന്റിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ വിജയം നേടിയിരുന്നു. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ഉൾപ്പെടെ നിരവധി ടീമുകൾ പൊരുതുന്ന ഡ്യൂറൻഡ് കപ്പ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ്.
ഇതുവരെ കിരീടങ്ങളൊന്നും നേടിയിട്ടില്ലാത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അതിനുള്ള ഒരവസരം കൂടിയാണ് ഡ്യൂറൻഡ് കപ്പ്. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്കു കീഴിൽ തായ്‌ലൻഡിൽ പരിശീലനക്യാമ്പ് കഴിഞ്ഞു ഇന്ത്യയിലേക്ക് മടങ്ങിയ ടീം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. കിരീടം നേടുകയെന്ന ലക്‌ഷ്യം തന്നെയാണ് ഇത്തവണ ടീമിനുള്ളത്.
Top five favourites to win Durand Cup 2024 according to @KhelNow 👇
1. Bengaluru FC
2. Mohun Bagan
3. Kerala Blasters
4. East Bengal
5. Mohammedan SC#KBFC— KBFC XTRA (@kbfcxtra) July 27, 2024
അതിനിടയിൽ പ്രമുഖ സ്പോർട്ട്സ് വെബ്‌സൈറ്റായ ഖേൽ നൗ പുറത്തുവിട്ട റിപ്പോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തവണ ഡ്യൂറൻഡ് കപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള അഞ്ചു ടീമുകളുടെ ലിസ്റ്റ് അവർ പുറത്തു വിട്ടതിൽ കേരള ബ്ലാസ്റ്റേഴ്‌സുമുണ്ട്. സീനിയർ ടീമിനെ ടൂർണമെന്റിൽ അണിനിരത്തുന്നുണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന് സാധ്യത വർധിപ്പിക്കുന്നത്.
കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയർത്തുക മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ്, ബെംഗളൂരു എഫ്‌സി എന്നിവരാണെന്നാണ് ഖേൽ നൗ റിപ്പോർട്ടുകൾ പറയുന്നത്. ഈ ക്ലബുകളിൽ ബെംഗളൂരു ഒഴികെയുള്ളവർ കഴിഞ്ഞ സീസണിൽ ഏതെങ്കിലുമൊരു കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഷീൽഡ് നേടിയ മുംബൈ സിറ്റി അടക്കം ചില ക്ലബുകൾ അവരുടെ പ്രധാന ടീമിനെ ഡ്യൂറൻഡ് കപ്പിന് അണിനിരത്തുന്നില്ല. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇതൊരു സുവർണാവസരം തന്നെയാണ്. പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾ ടീമിനെ സഹായിക്കുമോയെന്നു ആരാധകർക്ക് ഇതിലൂടെ മനസിലാക്കാനും കഴിയും.