ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ടോപ് സ്കോറർമാരിൽ രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന്

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ ക്ലബിന്റെ ചരിത്രത്തിലെ റെക്കോർഡ് ജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത എട്ടു ഗോളിനാണ് വിജയിച്ചത്. അതിനു ശേഷം പഞ്ചാബ് എഫ്‌സിക്കെതിരെ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ ജയവും നേടി.

സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴു ഗോളുകൾക്ക് വിജയം നേടിയതോടെ ടീം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് അത് നഷ്‌ടപ്പെടണമെങ്കിൽ പഞ്ചാബ് എഫ്‌സി മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ പതിമൂന്നു ഗോളുകളുടെ വ്യത്യാസത്തിലെങ്കിലും വിജയിക്കണം. എന്നാൽ അതിനുള്ള സാധ്യതയില്ല.

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ആധിപത്യം പുലർത്തുന്നുണ്ട്. നിലവിൽ ടൂർണമെന്റിലെ രണ്ടു ടോപ് സ്‌കോറേഴ്‌സും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുമാണ്. മൂന്നു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയ നോഹ സദൂയിയും നാല് ഗോളുകൾ നേടിയ ക്വാമേ പെപ്രയുമാണ് ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നോഹ സദൂയിയും ക്വാമേ പെപ്രയും ടീമിനായി ഹാട്രിക്ക് നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോഹ വീണ്ടും ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ ഒരു ഗോൾ പെപ്രയും നേടി. ഇതിനു പുറമെ ഈ താരങ്ങളെല്ലാം ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളുടെ കരുത്ത് ഈ രണ്ടു പേരുമാണ്.

ഈ താരങ്ങളുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിനു വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ ഈ രണ്ടു താരങ്ങൾ തന്നെയാണ് ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അതേസമയം താരതമ്യേനെ ദുർബലരായ ടീമുകൾക്കെതിരെ നടത്തുന്ന പ്രകടനം വമ്പന്മാർക്കെതിരെ കൂടി നടത്താൻ കഴിഞ്ഞാൽ പിന്നെ കൊമ്പന്മാരെ തിരിഞ്ഞു നോക്കേണ്ടി വരില്ല.