ഹാട്രിക്കുമായി നോഹയും പെപ്രയും, സ്റ്റാറെക്കു കീഴിൽ എട്ടു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി
പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്കു കീഴിൽ ഈ സീസണിലെ ആദ്യത്തെ മത്സരം കളിച്ച ബ്ലാസ്റ്റേഴ്സ് നടത്തിയത് തകർപ്പൻ പ്രകടനം. ടൂർണ്ണമെന്റിനായി റിസർവ് ടീമിനെ അയച്ച മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തത്. നോഹ സദൂയി, ക്വാമേ പെപ്ര എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. മുംബൈ സിറ്റിയുടെ റിസർവ് ടീം ഒരു തരത്തിലും അവർക്ക് ഭീഷണിയായിരുന്നില്ല. മുപ്പത്തിയൊന്നാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യത്തെ ഗോൾ നേടുന്നത്. ഐബാന്റെ അസിസ്റ്റിൽ നോഹ സദൂയിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഗോൾ നേടുന്നത്.
ആദ്യത്തെ ഗോളിനു ശേഷം പിന്നീട് കൃത്യമായ ഇടവേളകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ പിറന്നു. മുപ്പത്തിയൊമ്പതാം മിനുട്ടിൽ ക്വാമേ പെപ്ര ലൂണയുടെ അസിസ്റ്റിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടി. അതിനു ശേഷം നാൽപത്തിയഞ്ചാം മിനുട്ടിൽ അഡ്രിയാൻ ലൂണ തന്നെ തൊടുത്ത ഷോട്ടിന്റെ റീബൗണ്ടിൽ നിന്നും പെപ്ര രണ്ടാമത്തെ ഗോളും സ്വന്തമാക്കി.
ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഫുൾ കോൺഫിഡൻസിലാണ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. രണ്ടാം പകുതിയുടെ അൻപത്തിയൊന്നാം മിനുട്ടിൽ നോഹ സദൂയി തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. രണ്ടു മിനുട്ടിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്റെ ആദ്യത്തെ ഹാട്രിക്ക് നേടി പെപ്ര ടീമിന്റെ ലീഡ് വീണ്ടുമുയർത്തി.
അതിനു ശേഷം ചില താരങ്ങളെ പരിശീലകൻ പിൻവലിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. എഴുപത്തിയാറാം മിനുട്ടിൽ നോഹ സദൂയി ഹാട്രിക്ക് തികച്ചു. അതിനു ശേഷം പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ രണ്ടു മിനുട്ടിൽ രണ്ടു ഗോളുകളാണ് നേടിയത്. ഈ വിജയം വലിയ ആത്മവിശ്വാസം ടീമിന് നൽകുമെന്നതിൽ സംശയമില്ല.