വീണ്ടും തണ്ടർബോൾട്ട് ഫ്രീകിക്ക് ഗോളുമായി ഹൾക്ക്, അസാധ്യമെന്ന് ആരാധകർ | Hulk
ബ്രസീലിയൻ മുന്നേറ്റനിര താരമായ ഹൾക്ക് ഇക്കഴിഞ്ഞ ജൂണിൽ നേടിയ ഗോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിലവിൽ അത്ലറ്റികോ മിനേറോ ക്ലബിനായി കളിക്കുന്ന താരം ക്രൂസെറോക്കെതിരെ നേടിയ ഗോൾ ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. നാൽപ്പത്തിയഞ്ച് വാര അകലെ നിന്നും താരം നേടിയ ഫ്രീ കിക്ക് ഗോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.
ആരാധകരെ ഒരിക്കൽക്കൂടി ഞെട്ടിച്ച് കഴിഞ്ഞ ദിവസം അതിനു സമാനമായൊരു ഗോൾ ബ്രസീലിയൻ താരം നേടുകയുണ്ടായി. കഴിഞ്ഞ ദിവസം സാവോ പോളോയും അത്ലറ്റികോ മിനറോയും തമ്മിൽ നടന്ന ബ്രസീലിയൻ ലീഗ് മത്സരത്തിന്റെ നാലാം മിനുട്ടിലാണ് നാൽപ്പത്തിയഞ്ച് വാര അകലെ നിന്നും ഹൾക്കിന്റെ അമാനുഷികമായ ഗോൾ പിറന്നത്.
I think it’s crazy how some footballers appear on the timeline once a year. If it’s not marrying his daughters friend, Hulk always pops up with something like this. What a bloody goal ahahahahapic.twitter.com/vNLKXQD8kX
— George Scaife (@Scaife51) August 7, 2023
മത്സരത്തിൽ ഹൾക്കിന്റെയും അർജന്റീന താരം ക്രിസ്റ്റ്യൻ പാവോണിന്റെയും ഗോളുകളിൽ അത്ലറ്റികോ മിനേരോ സാവോ പോളോ ക്ലബിനെതിരെ വിജയം നേടിയിരുന്നു. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ബ്രസീലിയൻ താരത്തിന്റെ ഗോൾ ചർച്ചയായി മാറുന്നുണ്ട്. ഈ വർഷം ഹൾക്ക് നേടിയ രണ്ട് ഗോളുകൾ പുഷ്കാസ് അവാർഡ് അർഹിക്കുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ബ്രസീലിനായി 49 മത്സരങ്ങൾ കളിച്ച് പതിനൊന്നു ഗോളുകൾ നേടിയിട്ടുള്ള ഹൾക്ക് യൂറോപ്പിൽ കളിച്ചിട്ടുള്ള പ്രധാനപ്പെട്ട ക്ലബുകൾ പോർട്ടോ, സെനിത് പീറ്റേഴ്സ്ബർഗ് എന്നിവയാണ്. അതിനു ശേഷം ഷാങ്ഹായ് എസ്ഐപിജിയിലേക്ക് ചേക്കേറിയ താരം അവിടെ നിന്നുമാണ് ബ്രസീലിലേക്ക് എത്തിയത്. മുപ്പത്തിയേഴാം വയസിൽ താരം പുഷ്കാസ് നേടിയാൽ അത് ചരിത്രമായി മാറും.
Hulk Scored Insane Freekick Goal