കേരളത്തിൽ നിന്നുള്ള ആരാധകപ്പടയാണ് ഞങ്ങളുടെ കരുത്ത്, പ്രശംസയുമായി ഇന്ത്യൻ ടീം പരിശീലകൻ | Igor Stimac
ഖത്തറിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആരാധകർ നൽകിയ സ്വീകരണവും പിന്തുണയുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. നിരവധി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ലഭിച്ചത് പോലെയൊരു സ്വീകരണവും പിന്തുണയും മറ്റൊരു ടീമിനും ലഭിച്ചില്ലെന്നത് കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണമായി.
ഇന്ത്യക്ക് ലഭിച്ച പിന്തുണയ്ക്ക് പ്രധാന കാരണം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണെന്നതിൽ സംശയമില്ല. ഖത്തറിലെ മഞ്ഞപ്പട വിങ് ഇന്ത്യയിലെ ആരാധകരെ ഒറ്റക്കെട്ടാക്കി നിർത്താനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനും മുന്നിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അതിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്തു വരികയും ചെയ്തു.
Igor Stimac : "I appreciate the huge support. We are in touch with our fanbase here. We know how passionate the Kerala supporters are and how it is in Kerala. The kick-off time is more convenient for them to attend the game. Huge thanks to the fans for their support."
[@KhelNow]… pic.twitter.com/pFwcGIwfIF
— Hari (@Harii33) January 17, 2024
“ഈ പിന്തുണയെ ഞാൻ അഭിനന്ദിക്കുന്നു, ഇവിടുത്തെ ആരാധകരുമായി ഞാൻ നല്ല ബന്ധം പുലർത്തുന്നുണ്ട്. കേരളത്തിലെ ആരാധകർ എത്ര ആവേശമുള്ളവരാണെന്നും അവർ കേരളത്തിൽ എങ്ങിനെയാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. അടുത്ത മത്സരത്തിന്റെ കിക്ക് ഓഫ് സമയം അവർക്ക് കുറച്ചു കൂടി സൗകര്യമുള്ളതാണ്. ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി.” സ്റ്റിമാച്ച് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ലഭിച്ചതിനേക്കാൾ മികച്ച പിന്തുണ ഇന്ത്യക്ക് ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ലഭിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ മത്സരം ഖത്തർ സമയം ഉച്ചക്ക് രണ്ടരക്കാണ് നടന്നത്. അതുകൊണ്ടു തന്നെ സ്റ്റേഡിയം മുഴുവൻ ആരാധകർ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഖത്തർ സമയം അഞ്ചരക്കാണ് നടക്കുന്നത് എന്നതിനാൽ തന്നെ കൂടുതൽ ആരാധകരെ പ്രതീക്ഷിക്കാം.
ഇന്ത്യൻ സമയം എട്ടു മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനെയാണ് നേരിടുന്നത്. അതിൽ വിജയം നേടിയാൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള പ്രതീക്ഷകൾ ഇന്ത്യക്ക് സജീവമാക്കാം. അതിനു ശേഷം ഇന്ത്യ സിറിയയെയാണ് നേരിടുക. ഈ രണ്ടു ടീമുകളും ഇന്ത്യക്ക് പരാജയപ്പെടുത്താൻ കഴിയുന്നവയാണ്.
Igor Stimac Praise Fans Of Kerala For Support