അവസാന മിനുട്ടിൽ ഗോൾ, റയൽ മാഡ്രിഡിനെ തളച്ച് ഇന്ത്യൻ യുവനിര | India U17

സ്പെയിനിൽ സൗഹൃദമത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ അണ്ടർ 17 ടീം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തളച്ചത് റയൽ മാഡ്രിഡിന്റെ അണ്ടർ 17 ടീമിനെ. മാഡ്രിഡിൽ വെച്ച് നടന്ന പരിശീലന മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ സ്പെയിനിൽ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞുവെന്നത് ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്.

ജൂണിൽ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം സ്പെയിനിൽ ടൂർ നടത്തുന്നത്. മുപ്പത്തിയേഴാം മിനുട്ടിൽ അലിവാരോയിലൂടെ റയൽ മാഡ്രിഡ് ലീഡ് നേടിയെങ്കിലും ഒരു മിനിറ്റിനകം തന്നെ ഇന്ത്യ തിരിച്ചടിച്ചു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ നായകനായ കോറൂവിന്റെ ക്രോസിൽ നിന്നും ശാശ്വത് ആണ് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ആദ്യത്തെ ഗോൾ കണ്ടെത്തിയത്.

ഇടവേളക്ക് ശേഷം മൂന്നു മിനുട്ട് പിന്നിട്ടപ്പോൾ ഇന്ത്യ മത്സരത്തിൽ ലീഡ് നേടി. ആദ്യഗോൾ നേടിയ ശാശ്വത് നൽകിയ പാസിൽ നിന്നും റാൾട്ടെയാണ് മത്സരത്തിൽ ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ഇന്ത്യയുടെ ആഘോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. സാഞ്ചസ് അമ്പത്തിരണ്ട്, അറുപത്തിയൊമ്പത് മിനിറ്റുകളിൽ നേടിയ ഗോളുകളിൽ റയൽ മാഡ്രിഡ് മുന്നിലെത്തി. ഇതോടെ ഇന്ത്യ പരാജയം വഴങ്ങുമെന്ന് അവസ്ഥ വന്നിരുന്നു.

എന്നാൽ സ്പെയിനിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യ കീഴടങ്ങാൻ തയ്യാറാകാതെ പൊരുതുന്ന കാഴ്‌ചയാണ്‌ കണ്ടത്. അതിനു തൊണ്ണൂറാം മിനുട്ടിൽ ഫലവുമുണ്ടായി. നായകനായ കോറൂ നൽകിയ ക്രോസിൽ നിന്നും ഗാങ്തെയാണ് റയൽ മാഡ്രിഡിന് എതിരെയുള്ള സമനില ഗോൾ വഴങ്ങിയത്. സ്പെയിനിലെ വമ്പൻ ടീമാണ് റയൽ മാഡ്രിഡ് എങ്കിലും അവർക്കെതിരെ മികച്ച പ്രകടനം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

ഇതിനു മുൻപ് അത്ലറ്റികോ മാഡ്രിഡിന്റെ വിവിധ യൂത്ത് ടീമുകൾക്കെതിരെ ഇന്ത്യയുടെ അണ്ടർ 17 ടീം രണ്ടു തവണ വിജയം നേടിയിരുന്നു. അതിനു പിന്നാലെയാണ് റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കിയത്. അണ്ടർ 17 ടൂർണമെന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ നടത്തിയ ഈ പ്രകടനം ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്നതിൽ സംശയമില്ല.

India U17 Hold Real Madrid U17 To A Draw