ഇനിയേസ്റ്റയും മിഡിൽ ഈസ്റ്റിലേക്ക്, മെസിക്കൊപ്പം ഇന്റർ മിയാമിയിൽ ഒരുമിക്കില്ല | Iniesta

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ മുൻപ് സഹതാരങ്ങളായിരുന്ന പലരും ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെസിക്ക് പിന്നാലെ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവർ ഇന്റർ മിയാമിയിലേക്ക് എത്തുകയും ചെയ്‌തു. ഇന്റർ മിയാമിയിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന കളിക്കാരിൽ മുൻ ബാഴ്‌സലോണ താരം ആന്ദ്രെസ് ഇനിയേസ്റ്റയും ഉണ്ടായിരുന്നു.

ബാഴ്‌സലോണ വിട്ടതിനു ശേഷം ജാപ്പനീസ് ക്ലബായ വിസ്സൽ കൊബെയിലാണ് ആന്ദ്രെസ് ഇനിയേസ്റ്റ കളിച്ചിരുന്നത്. നിലവിൽ കരാർ അവസാനിച്ച താരം അത് പുതുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് താരം ഇന്റർ മിയാമിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇനിയേസ്റ്റ മെസിക്കൊപ്പം ചേരില്ലെന്നും പുതിയ ക്ലബുമായി ധാരണയിൽ എത്തിയെന്നുമാണ് റിപ്പോർട്ടുകൾ.

ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത് പ്രകാരം ഇനിയേസ്റ്റയും മിഡിൽ ഈസ്റ്റ് ക്ലബ്ബിലേക്കാണ് ചേക്കേറുന്നത്. എന്നാൽ സൗദിയിലേക്കല്ല, മറിച്ച് യുഎഇ ക്ലബിലേക്കാണ് ഇനിയേസ്റ്റ ചേക്കേറുന്നത്. റാസൽ അൽ ഖൈമ കേന്ദ്രീകരിച്ചു നിൽക്കുന്ന എമിറേറ്റ്സ് എഫ്‌സിയിലേക്കാണ് ഇനിയേസ്റ്റ ചേക്കേറുന്നത്. 2024 വരെ കരാറൊപ്പിട്ട താരത്തിന് അതൊരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയുണ്ട്.

മുപ്പത്തിയൊമ്പത് വയസായെങ്കിലും ഇപ്പോഴും കളിക്കളത്തിൽ മികവ് പുലർത്താൻ ബാഴ്‌സലോണ ഇതിഹാസത്തിനു കഴിയുന്നുണ്ട്. 2018ൽ വിസ്സൽ കൊബെയിൽ എത്തിയ താരം 134 മത്സരങ്ങൾ കളിച്ച് ഇരുപത്തിയാറു ഗോളും ഇരുപത്തിയഞ്ച് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് ക്ലബിനൊപ്പം രണ്ടു കിരീടങ്ങളും ഇനിയേസ്റ്റ സ്വന്തമാക്കിയിട്ടുണ്ട്.

Iniesta To Join UAE Club Emirates FC