ദേശീയടീമിനായുള്ള അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച്, ഇവാൻ കലിയുഷ്‌നി വേറെ ലെവലാണ്

ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ലാത്ത താരമാണ് യുക്രൈനിൽ നിന്നുള്ള ഇവാൻ കലിയുഷ്‌നിയെ. റഷ്യൻ ആക്രമണം കാരണം യുക്രൈനിലെ ലീഗുകൾ നിർത്തി വെച്ചപ്പോൾ ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ടു ഗോളുകൾ നേടി ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയിരുന്നു.

ഒരൊറ്റ സീസൺ മാത്രമാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്നത്. അതിനു ശേഷം തന്റെ ക്ലബായ ഒലക്‌സാൻഡ്രിയയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ദിവസം യുക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ജോർജിയക്കെതിരെയാണ് താരം ഇറങ്ങിയത്.

ചില താരങ്ങൾക്ക് പരിക്കേറ്റതിനാൽ ദേശീയ ടീമിലേക്ക് വിളി വന്ന താരം തനിക്ക് കിട്ടിയ അവസരം കൃത്യമായി മുതലെടുത്തു. ഡിഫെൻസിവ് മിഡ്‌ഫീൽഡറായി ഇറങ്ങിയ താരം മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചെൽസി താരം മുഡ്രിക്കിന്റെ ഗോളിൽ യുക്രൈൻ വിജയം നേടിയപ്പോൾ കളിയിലെ താരം ഇവാനായിരുന്നു.

പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് കാണിക്കാൻ താരത്തിന് കഴിഞ്ഞു. ആറ് ടാക്കിളുകളും ഒരു ഇന്റർസെപ്‌ഷനും പത്ത് റിക്കവറീസുമാണ് ഇവാൻ നടത്തിയത്. ഇതിനു പുറമെ ഫൈനൽ തേർഡിലേക്ക് ആറു പാസുകൾ നൽകിയ താരം ഒരു കീ പാസും മത്സരത്തിൽ നടത്തി.

മികച്ച പ്രകടനം നടത്തിയതോടെ ഇനിയും യുക്രൈൻ ടീമിൽ താരം സ്ഥിരമായി ഇടം നേടുമെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരം യൂറോപ്പിലെ ഒരു പ്രധാന ടൂർണമെന്റിൽ കളിക്കുന്നതും മികച്ച പ്രകടനം നടത്തുന്നതും ഇവിടെയുള്ള ആരാധകർക്കും അഭിമാനിക്കാൻ വക നൽകുന്നു.