ട്വിസ്റ്റുകൾക്കൊന്നും അവസാനമില്ല, പുറത്താകുമെന്ന് പ്രതീക്ഷിച്ച താരങ്ങളെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ ഇരുപത്തിയാറ് അംഗ സ്‌ക്വാഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ളത് അന്തിമലിസ്റ്റ് അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലബിന് ആവശ്യമെങ്കിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കാൻ കഴിയും.

ഡ്യൂറൻഡ് കപ്പിനുള്ള ടീം ലിസ്റ്റിൽ ചില സർപ്രൈസുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്ന ചില താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ പ്രധാനി പ്രീതം കോട്ടാലാണ്. മൈക്കൽ സ്റ്റാറെയുടെ പദ്ധതികളിൽ താരം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഡ്യൂറൻഡ് കപ്പിനുള്ള ടീമിൽ പ്രീതമുണ്ട്.

ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്രയാണ് ഡ്യൂറൻഡ് കപ്പ് ടീമിൽ ഉൾപ്പെട്ട മറ്റൊരു താരം. താരത്തിനും അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടമില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. പെപ്രയെ ലോണിൽ വിടാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഡ്യൂറൻഡ് കപ്പിൽ താരവും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിക്കും.

വേണ്ടത്ര താരങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഇവരെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതെന്നാണ് മനസിലാക്കേണ്ടത്. വിദേശ സെന്റർ ബാക്കായ കൊയെഫ് ടീമിലെത്തിയിട്ടില്ലാത്തതിനാലാകാം പ്രീതത്തിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശസ്‌ട്രൈക്കറെ ടീമിലെത്തിച്ചിട്ടില്ലെന്നത് പെപ്ര ടീമിലെത്താനും കാരണമായിട്ടുണ്ടാകും.

ലാൽത്താൻമാവിയ, ജോഷുവ സോട്ടിരിയോ, സച്ചിൻ സുരേഷ്, അലക്‌സാണ്ടർ കൊയെഫ്, പ്രബീർ ദാസ് തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം ഓഗസ്റ്റ് ഒന്നിന് മുംബൈ സിറ്റിക്കെതിരെയാണ്. പഞ്ചാബ് എഫ്‌സി, സിറ്റി എഫ്‌സി തുടങ്ങിയ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലുള്ളത്.