ഈ ടൂർണമെന്റ് സ്വന്തമാക്കാൻ എന്റെ ഊർജ്ജം മുഴുവൻ നൽകും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പരിശീലകന്റെ സന്ദേശം

പത്ത് സീസണുകളായി പൊരുതുന്നുണ്ടെങ്കിലും ഇതുവരെ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. മൂന്നു തവണ ഫൈനലിൽ എത്തി കീഴടങ്ങേണ്ടി വന്ന ടീം ഒരു കിരീടമില്ലാത്തതിന്റെ പേരിൽ നിരവധി ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വരുന്നുണ്ട്. ഈ സീസണിലെങ്കിലും അതിനു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഐഎസ്എൽ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിന് ആദ്യത്തെ കിരീടം നേടാനുള്ള അവസരമാണ് ഡ്യൂറൻഡ് കപ്പ്. ഇന്നലെ മുതൽ ആരംഭിച്ച ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇന്ന് കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൂർണ്ണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിൽ തന്റെ ടീമിനെ ആദ്യത്തെ മത്സരത്തിനായി ഒരുക്കുന്ന പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ അതിനിടയിൽ ആരാധകർക്ക് സന്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറൻഡ് കപ്പിൽ വിജയം നേടുന്നതിനായി തന്റെ ഊർജ്ജം ചിലവഴിക്കുമെന്നാണ് സ്റ്റാറെ പറയുന്നത്.

“തായ്‌ലൻഡിൽ ഇരുപത്തിയഞ്ചു ദിവസത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ടീം ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്കുള്ള യാത്രയിലാണ്. ഇന്ത്യയെ ആദ്യമായി മനസിലാക്കാൻ എനിക്ക് കാത്തിരിക്കാൻ കഴിയുന്നില്ല. അതുപോലെ തന്നെ ഇത്രയും ചരിത്രമുള്ള ഒരു ടൂർണ്ണമെന്റിനായി എന്റെ എല്ലാ ഊർജ്ജവും ചിലവഴിക്കുന്നതിനും.” മൈക്കൽ സ്റ്റാറെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഓഗസ്റ്റ് ഒന്നിനാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. റിസർവ് ടീമിനെ ടൂർണമെന്റിന് അയക്കുന്ന മുംബൈ സിറ്റിയോടാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരം കളിക്കുന്നത്. ചില താരങ്ങളുടെ അഭാവമുണ്ടെങ്കിലും കിരീടം നേടാൻ കരുത്തുള്ള ടീമിനെയാണ് ഡ്യൂറൻഡ് കപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.