സൂപ്പർകപ്പ് കേരളത്തിലേക്ക്, കൊച്ചിയും മലപ്പുറവും കോഴിക്കോടും വേദികളാവാൻ സാധ്യത | Super Cup
മൂന്നു വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച ടൂർണമെന്റാണ് ഹീറോ സൂപ്പർകപ്പ്. ഇന്ത്യയിലെ രണ്ടു പ്രധാനപ്പെട്ട ഫുട്ബാൾ ടൂർണമെന്റുകളായ ഇന്ത്യൻ സൂപ്പർ ലീഗിലേയും ഐ ലീഗിലെയും ടീമുകൾ തമ്മിലുള്ള മത്സരമാണിത്. മൂന്നു വർഷങ്ങൾക്ക് ശേഷം ഈ സീസണു ശേഷം സൂപ്പർലീഗ് നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരിക്കെ അതിന്റെ വേദിയായി കേരളത്തിന്റെ പേരാണ് ഉയർന്നു വരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്നതാണ് ഈ വാർത്ത.
ദി ബ്രിഡ്ജിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ മൂന്നു വേദികളിലായാണ് സൂപ്പർകപ്പിലെ മത്സരങ്ങൾ നടത്താൻ ആലോചിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുന്ന കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയമാണ് അതിലൊന്ന്. അതിനു പുറമെ മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയവും പരിഗണനയിലുണ്ട്. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ നടന്നത് ഈ സ്റ്റേഡിയത്തിലായിരുന്നു. വലിയ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. മൂന്നാമത്തെ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിനാണ് സാധ്യതയുള്ളത്.
കേരളം സൂപ്പർ ലീഗിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സന്തോഷ് ട്രോഫി സമയത്ത് തന്നെ സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും പോയിന്റ് ടേബിളിൽ ആദ്യത്തെ ആറു സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ മത്സരത്തിനു നേരിട്ട് യോഗ്യത നേടിയിരുന്നു. മറ്റു നാലു ടീമുകൾ പ്ലേ ഓഫ് കളിച്ചുമെത്തും. എന്നാൽ ക്വാളിഫയേഴ്സ് ഘട്ടവും അതിനു ശേഷം നോക്ക്ഔട്ട് ഘട്ടവുമായി ടൂർണമെന്റിന്റെ ഫോർമാറ്റ് മാറ്റാൻ വേണ്ടിയുള്ള ആലോചനകൾ ഇപ്പോൾ നടക്കുന്നുണ്ട്. സൂപ്പർ കപ്പിന്റെ ആദ്യത്തെ എഡിഷനിൽ ബെംഗളൂരു എഫ്സി ജേതാക്കളായപ്പോൾ രണ്ടാമത്തെ എഡിഷനിൽ എഫ്സി ഗോവയാണ് കിരീടം നേടിയത്.
Tentatively, the Hero Super Cup is scheduled to begin on April 1st, 2023.
— The Bridge Football (@bridge_football) January 3, 2023
Details:#IndianFootball ⚽️ https://t.co/Fpmu4F3xHv
ഏഷ്യൻ തലത്തിൽ നടക്കുന്ന ടൂർണ്ണമെന്റുകൾക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യയിലെ ക്ലബുകൾ ഒരു സീസണിൽ ഇരുപത്തിയേഴു മത്സരമെങ്കിലും കളിക്കണമെന്ന നിർബന്ധമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സൂപ്പർലീഗ് വീണ്ടും നടത്താനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഈ സീസൺ മുതൽ എഎഫ്സി കപ്പിനു യോഗ്യത നേടാനുള്ള ക്വാളിഫയേഴ്സ് കളിക്കുന്നത് കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളും ഈ സീസണിലെ സൂപ്പർകപ്പ് ജേതാക്കളും തമ്മിലായിരിക്കും.
ഏപ്രിൽ മാസത്തിലായിരിക്കും സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുക. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ അനുഭവമായിരിക്കും ഈ മത്സരങ്ങൾ നൽകുക. കേരളത്തിലെ തന്നെ രണ്ടു പ്രധാനപ്പെട്ട ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്സിയും തമ്മിൽ സൂപ്പർകപ്പിൽ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്.