സന്തോഷ് ട്രോഫിയിൽ കേരളം കുതിക്കുന്നു, രണ്ടാം മത്സരത്തിലും വമ്പൻ ജയം

എഴുപത്തിയാറാം സന്തോഷ് ട്രോഫി ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വമ്പൻ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ കേരളം കുതിക്കുന്നു. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കേരളം ബീഹാറിനെയാണ് കീഴടക്കിയത്. കേരളത്തിനായി നിജോ ഗില്ബർട്ട്സ് ഇരട്ടഗോളുകൾ സ്വന്തമാക്കി.

ആദ്യപകുതിയിൽ നിജോ ഗില്ബർട്ട്സ് എടുത്ത ഫ്രീ കിക്കിൽ ബീഹാർ ഗോൾകീപ്പർ പിഴവ് വരുത്തിയപ്പോൾ കേരളം മുന്നിലെത്തി. അതിനു ശേഷം ഒരു പെനാൽറ്റി ലഭിച്ചത് വലയിലെത്തിച്ച് നിജോ തന്നെ കേരളത്തിന്റെ ലീഡ് വർധിപ്പിച്ചു. എണ്പത്തിയൊന്നാം മിനുട്ടിൽ ബീഹാർ ഒരു ഗോൾ മടക്കിയതോടെ അവർ തിരിച്ചു വരുമെന്ന പ്രതീക്ഷകൾ ഉണ്ടായെങ്കിലും അതിനുള്ള സാധ്യതകൾ ഇല്ലാതാക്കി രണ്ടു ഗോളുകൾ കൂടി നേടി കേരളം തുടർച്ചയായ രണ്ടാം വിജയം ഉറപ്പിച്ചു.

കേരളത്തിനായി വിശാഖ് മോഹൻ മൂന്നാമത്തെ ഗോൾ നേടിയപ്പോൾ മുമോ അബ്ദുവാണ് അവസാനത്തെ ഗോൾ കുറിച്ചത്. ആദ്യമത്സരത്തിൽ രാജസ്ഥാനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം നേടിയ കേരളം രണ്ടു മത്സരത്തിൽ പതിനൊന്നു ഗോളുകളാണ് കുറിച്ചിരിക്കുന്നത്. രണ്ടു മത്സരത്തിലും ഗംഭീര വിജയം നേടിയ കേരളം തന്നെയാണ് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.