ഗോൾകീപ്പർ തടുക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് എൻസോയുടെ ഷോട്ടിനു കാൽ വെച്ചത്, തന്റെ ഗോളിനെപ്പറ്റി ലയണൽ മെസി

ഇത്തവണത്തെ കോപ്പ അമേരിക്കയിലെ തന്റെ ആദ്യത്തെ ഗോൾ ലയണൽ മെസി ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനൽ മത്സരത്തിലാണ് നേടിയത്. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനുട്ടിലാണ് മെസിയുടെ ഗോൾ പിറന്നത്. അൽവാരസിന്റെ ഗോളിൽ ആദ്യപകുതിയിൽ മുന്നിലെത്തിയ അർജന്റീന ലയണൽ മെസിയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

യഥാർത്ഥത്തിൽ എൻസോ ഫെർണാണ്ടസിന്റെ ഷോട്ടാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. താരം ബോക്‌സിന്റെ പുറത്തു നിന്നും എടുത്ത ഷോട്ട് വലയുടെ മൂലയിലേക്ക് പോകുകയായിരുന്നു. ലയണൽ മെസി അതിനു കാൽ വെച്ചപ്പോൾ അതിൽ തട്ടി പന്ത് വലയിലേക്ക് കയറി. എൻസോയുടെ പേരിൽ വരേണ്ടിയിരുന്ന ഗോളാണ് മെസി സ്വന്തമാക്കിയതെന്നും വേണമെങ്കിൽ പറയാം.

എന്നാൽ ആ ഗോളിൽ അങ്ങിനെ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് മത്സരത്തിനു ശേഷം അതേക്കുറിച്ച് ചോദിച്ചപ്പോൾ ലയണൽ മെസി പറഞ്ഞത്. ഗോൾകീപ്പർ ആ കിക്ക് തടുക്കാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് അങ്ങിനെ ചെയ്‌തതെന്നും അക്കാര്യം താൻ എൻസോയോട് പറഞ്ഞിരുന്നുവെന്നും ലയണൽ മെസി മത്സരത്തിന് ശേഷം പറഞ്ഞു.

“ആ ഗോളിനെ കട്ട് ചെയ്‌തു വിടാൻ ഞാൻ കരുതിയിരുന്നില്ലെന്ന് എൻസോയോട് പറഞ്ഞിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ ഗോൾകീപ്പർ വശത്തേക്ക് ചാടിയിരുന്നു, പന്ത് ആ ഭാഗത്തേക്ക് തന്നെ സാവധാനത്തിൽ വരുന്നുമുണ്ടായിരുന്നു. അതുകൊണ്ട് പന്തിനെ ഒന്നു വ്യതിചലിപ്പിച്ചു വിടാൻ ഞാൻ ശ്രമിച്ചു.” മെസി പറഞ്ഞു. ഗോൾകീപ്പറുടെ മുഖത്ത് തട്ടിയാണ് പന്ത് വലക്കകത്തേക്ക് കയറിയത്.

മെസി ഒഴിഞ്ഞു മാറിയിരുന്നെങ്കിൽ അത് ഗോളാകുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും താരം കാൽ വെച്ചത് ഗോൾ ഉറപ്പിക്കാൻ കാരണമായെന്നതിൽ സംശയമില്ല. ടൂർണമെന്റിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലാത്ത മെസിക്ക് ആത്മവിശ്വാസം നൽകാൻ ആ ഗോൾ കാരണമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.