ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റി വിടാൻ മെസിയും കാരണമാകുന്നു, നോർവീജിയൻ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ | Erling Haaland

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇതിനു മുൻപ് നിരവധി ട്രാൻസ്‌ഫർ ജാലകങ്ങളിൽ സമാനമായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും അതൊന്നും നടന്നില്ല. എന്നാൽ എംബാപ്പെ പിഎസ്‌ജി കരാർ ഇതുവരെയും പുതുക്കിയിട്ടില്ല എന്നതിനാൽ തന്നെ റയൽ മാഡ്രിഡിന് പ്രതീക്ഷയുണ്ട്.

അതിനിടയിൽ എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടാലും റയൽ മാഡ്രിഡിന് ആശങ്കപ്പെടെണ്ട കാര്യമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന നോർവീജിയൻ സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇഎസ്‌പിഎന്നാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ഹാലാൻഡിന്റെ തീരുമാനത്തിന് പിന്നിൽ ലയണൽ മെസിയുടെ സ്വാധീനവുമുണ്ട്. ഇത്തവണ ഫിഫ ബെസ്റ്റ് പുരസ്‌കാരം ഹാലാൻഡ് സ്വന്തമാക്കും എന്നാണു ഏവരും പ്രതീക്ഷിച്ചതെങ്കിലും മെസിക്കാണ് ലഭിച്ചത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ ഇത്തരം പുരസ്‌കാരങ്ങൾ നേടാൻ കഴിയുമെന്നാണ് ഹാലാൻഡ് കരുതുന്നത്.

കരിം ബെൻസിമ റയൽ മാഡ്രിഡ് വിട്ടതോടെ ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ക്ലബിനുണ്ട്. മുപ്പത്തിമൂന്നു വയസുള്ള ജോസെലു ക്ലബിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒരു മികച്ച സ്‌ട്രൈക്കറെ അവർക്ക് ആവശ്യമാണ്. നിലവിൽ വിങ്ങർമാരെയും അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന ജൂഡ് ബെല്ലിങ്‌ഹാമിനെയുമാണ് റയൽ മാഡ്രിഡ് ആശ്രയിക്കുന്നത്.

ഹാലാൻഡ് റയൽ മാഡ്രിഡിലേക്ക് വരികയാണെങ്കിൽ ക്ലബിന് അതൊരു മുതൽക്കൂട്ടായിരിക്കും. ഒരുപാട് തവണ തങ്ങളെ തഴഞ്ഞ എംബാപ്പയെ അതോടെ റയൽ മാഡ്രിഡിന് ആശ്രയിക്കേണ്ടി വരികയുമില്ല. നിലവിൽ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ഹാലാൻഡ് കൂടിയെത്തിയാൽ റയൽ മാഡ്രിഡ് ഇരട്ടി കരുത്തരായി മാറും.

Erling Haaland Wants To Join Real Madrid