ഇന്ത്യയുടെ ഹിറ്റ്മാനു സമ്മാനവുമായി ലയണൽ മെസി, നന്ദിയറിയിച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ | Rohit Sharma

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വളരെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്ന കലാശപ്പോരാട്ടത്തിനു ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഏകദിന ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യയും അതികായരായ ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന പോരാട്ടം നാളെ ഉച്ചക്ക് രണ്ടു മണി മുതൽ ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കാൻ പോകുന്നത്. മൂന്നാമത്തെ തവണ ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.

ഇതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായ രോഹിത് ശർമയെത്തേടി ഒരു വിലപ്പെട്ട സമ്മാനം വന്നിട്ടുണ്ട്. കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ ഖത്തറിൽ കിരീടം ഉയർത്തിയത് ലയണൽ മെസി നായകനായ അർജന്റീന ടീമായിരുന്നു. നിലവിൽ ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്ന ക്ലബായ ഇന്റർ മിയാമിയുടെ പത്താം നമ്പർ ജേഴ്‌സിയാണ് താരത്തെ തേടിയെത്തിയത്. ഇന്ത്യയിലെ കായികപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു കാര്യമാണിതെന്ന കാര്യത്തിൽ സംശയമില്ല.

ലയണൽ മെസിയുടെ ജേഴ്‌സി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനു സമ്മാനിച്ചത് ഇന്റർ മിയാമിയുടെ ഉടമയായ ഡേവിഡ് ബെക്കാം തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സെമി ഫൈനൽ കാണാൻ പ്രത്യേക അതിഥിയായി ബെക്കാമും ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഡേവിഡ് ബെക്കാം മെസിയുടെ ജേഴ്‌സി കൈമാറിയത്. രോഹിത് ശർമ്മ തന്റെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്‌സി ഡേവിഡ് ബെക്കാമിനും നൽകിയിരുന്നു.

രോഹിത് ശർമയുടെ ഭാര്യയായ റിതിക സജ്‌ദേ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് മെസിയുടെ ജേഴ്‌സിയാണ് സമ്മാനിക്കപ്പെട്ടതെന്ന് ആരാധകർ അറിയുന്നത്. രോഹിതിന്റെ മകളായ സമി ഈ ജേഴ്‌സിയും അണിഞ്ഞു നിൽക്കുന്നതിന്റെ ചിത്രമാണ് റിതിക പോസ്റ്റ് ചെയ്‌തത്‌. മകൾ ലയണൽ മെസിയുടെ വളരെ വലിയ ഒരു ആരാധികയാണെന്നും ഈ സമ്മാനത്തിന് നന്ദിയുണ്ടെന്നും മെസിയെയും ബെക്കാമിനെയും ടാഗ് ചെയ്‌താണ്‌ അവർ കുറിച്ചത്.

ലയണൽ മെസിയുടെ ഈ സമ്മാനം ക്രിക്കറ്റ് ആരാധകർക്കും വലിയ ആവേശമുണ്ടാക്കുന്നതാണ്. കഴിഞ്ഞ ലോകകപ്പിൽ ലയണൽ മെസിയുടെ ഗംഭീര പ്രകടനമാണ് അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. ഒരു നായകനെന്ന നിലയിൽ മെസി നിറഞ്ഞു നിന്ന ലോകകപ്പായിരുന്നു അത്. സമാനമായ രീതിയിൽ രോഹിത് ശർമയും മികച്ച പ്രകടനമാണ് ഈ ലോകകപ്പിൽ നടത്തുന്നത്. മെസിയെപ്പോലെ ലോകകപ്പ് നേടാൻ താരത്തിന് ഈ സമ്മാനം പ്രചോദനം നൽകുമെന്നതിൽ സംശയമില്ല.

Rohit Sharma Gifted By Messi Jersey