ലോകകപ്പും ബാലൺ ഡി ഓറും നഷ്‌ടമായെന്ന് അന്നു തന്നെ മനസിലാക്കിയതാണ്, പുരസ്‌കാരം മെസി തന്നെയാണ് അർഹിച്ചിരുന്നതെന്ന് എംബാപ്പെ | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ. അതുകൊണ്ടു തന്നെ ആ പുരസ്‌കാരം നേടണമെന്ന് ആഗ്രഹിക്കാത്ത ഫുട്ബോൾ താരങ്ങൾ ഉണ്ടാകില്ലെന്ന കാര്യത്തിൽ സംശയമില്ല. അക്കാര്യത്തിൽ ഭാഗ്യവാനാണ് ലയണൽ മെസി. ഫുട്ബോൾ ലോകത്തെ സമുന്നത പുരസ്‌കാരത്തിൽ തന്റെ റെക്കോർഡിനെ മറികടക്കാൻ മറ്റൊരു താരത്തിന് കഴിയാത്ത രീതിയിൽ എട്ടു തവണയാണ് മെസി ബാലൺ ഡി ഓർ സ്വന്തമാക്കിയത്.

ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് മെസിക്ക് വെല്ലുവിളി ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും വോട്ടിങ്ങിൽ അത് പ്രതിഫലിച്ചിരുന്നില്ല. വലിയ വ്യത്യാസത്തിൽ ഹാലൻഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മെസി ബാലൺ ഡി ഓർ നേടിയപ്പോൾ എംബാപ്പയാണ് മൂന്നാം സ്ഥാനത്തു വന്നത്. പലരും ഹാലൻഡിനും എംബാപ്പക്കും പുരസ്‌കാരം സ്വന്തമാക്കാൻ സാധ്യത പ്രവചിച്ചപ്പോൾ ലോകകപ്പിലെ ടോപ് സ്കോററായ എംബാപ്പെ പറയുന്നത് കഴിഞ്ഞ വർഷം തന്നെ മെസി നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നാണ്.

“മെസി തന്നെയാണ് അത് നേടേണ്ടിയിരുന്നത്, താരം ലോകകപ്പ് സ്വന്തമാക്കിയതിനാൽ തന്നെ. എന്നെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച താരമല്ലെങ്കിലും ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് മെസി. ഹാലൻഡും മികച്ചൊരു സീസണാണ് പൂർത്തിയാക്കിയതെങ്കിലും ലോകകപ്പ് എന്ന നേട്ടത്തിനൊപ്പം നിൽക്കുമ്പോൾ അതിനു പ്രഭാവം കുറവാണ്. ഡിസംബർ പതിനെട്ടിനു രാത്രി തന്നെ ലോകകപ്പും ബാലൺ ഡി ഓറും എനിക്ക് നഷ്‌ടമായെന്ന് ഞാൻ മനസിലാക്കിയിരുന്നു. മെസി അതർഹിക്കുന്നു.” എംബാപ്പെ പറഞ്ഞു.

ഖത്തർ ലോകകപ്പിലെ വിജയത്തിലൂടെ ലയണൽ മെസി നേടിയത് എട്ടാമത്തെ ബാലൺ ഡി ഓറാണ്. ഇതിനു പുറമെ മറ്റൊരു വമ്പൻ നേട്ടവും മെസി സ്വന്തമാക്കിയിരുന്നു. നിലവിൽ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ യൂറോപ്പിനു പുറത്തു നിന്നും മറ്റൊരു താരവും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയിട്ടില്ല. മൂന്നു വ്യത്യസ്‌ത ക്ലബുകൾക്കൊപ്പം ബാലൺ ഡി ഓർ സ്വന്തമാക്കിയ മറ്റൊരു താരവുമില്ല.

വമ്പൻ പ്രകടനം നടത്തുന്ന യുവതാരങ്ങളെ പിന്നിലാക്കിയാണ് മെസി ബാലൺ ഡി ഓർ നേടിയെന്നത് മറ്റൊരു അവിശ്വസനീയമായ കാര്യമാണ്. മുപ്പത്തിയാറാം വയസിൽ ഇപ്പോഴത്തെ യുവതാരങ്ങളുമായി പൊരുതാൻ കഴിയുന്നത് ചെറിയ കാര്യമല്ല. എംബാപ്പെ, ഹാലാൻഡ് തുടങ്ങിയ പുതിയ തലമുറയിലെ താരങ്ങൾക്ക് ഇപ്പോൾ മെസിക്ക് മുന്നിൽ തല കുനിക്കേണ്ടി വന്നെങ്കിലും ഇനി പുരസ്‌കാരം നേടാനുള്ള അവസരമുണ്ട്. അതേസമയം അടുത്ത വർഷം കോപ്പ അമേരിക്ക നേടിയാൽ മെസി വീണ്ടും ബാലൺ ഡി ഓർ പോരാട്ടത്തിലുണ്ടാകും.

Mbappe Says Messi Deserved Ballon Dor