ആൻസലോട്ടിയിലൂടെ ആധിപത്യം തിരിച്ചുപിടിക്കാമെന്ന ബ്രസീലിന്റെ മോഹവും തകരുന്നു, ഇറ്റാലിയൻ പരിശീലകനുമായി കരാർ പുതുക്കാൻ റയൽ മാഡ്രിഡ് | Ancelotti

ബ്രസീലിയൻ ആരാധകരെ സംബന്ധിച്ച് വളരെയധികം പ്രതീക്ഷ നൽകിയ ഒരു വാർത്തയായിരുന്നു ഇറ്റാലിയൻ പരിശീലകനായ കാർലോ ആൻസലോട്ടിയെ അവർ ദേശീയ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നത്. 2002നു ശേഷം ഒരു തവണ പോലും ലോകകപ്പിന്റെ ഫൈനൽ ബ്രസീൽ കളിച്ചിട്ടില്ല എന്നതിനാൽ തന്നെ 2022 ലോകകപ്പിലെ പുറത്താകലിനു ശേഷം ആരാധകരിൽ നിന്നുമുണ്ടായ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വന്നത്.

ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനിലെ നിരവധി മേധാവികൾ ഈ വാർത്തകളെ ശരി വെക്കുന്ന രീതിയിലാണ് പ്രതികരിച്ചിരുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുന്നോടിയായി കാർലോ ആൻസലോട്ടി ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായി എത്തുമെന്നാണ് ഏറ്റവുമവസാനം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകളിൽ നിന്നെല്ലാം അകലം പാലിച്ച് റയൽ മാഡ്രിഡിനോടുള്ള തന്റെ താൽപര്യമാണ് എല്ലായിപ്പോഴും ആൻസലോട്ടി പ്രകടിപ്പിച്ചിട്ടുള്ളത്.

2024ൽ ദേശീയ ടീമിന്റെ പരിശീലകനായി കാർലോ ആൻസലോട്ടിയെ എത്തിക്കാമെന്ന് ബ്രസീലിയൻ എഫ്എ കരുതുമ്പോൾ അതിനു തിരിച്ചടിയാവുകയാണ് റയൽ മാഡ്രിഡിന്റെ നീക്കം. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കാർലോ ആൻസലോട്ടിയുമായി കരാർ പുതുക്കാൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ട്. ഈ സീസണിൽ റയൽ മാഡ്രിഡിന് ഏതെങ്കിലുമൊരു കിരീടം സ്വന്തമാക്കി നൽകുകയാണെങ്കിൽ അദ്ദേഹത്തിന് 2026 വരെയുള്ള പുതിയ കരാർ റയൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റയൽ മാഡ്രിഡ് പുതിയ കരാർ ഒപ്പുവെക്കാനുള്ള ഓഫർ നൽകിയാൽ കാർലോ ആൻസലോട്ടി അത് സ്വീകരിക്കാൻ തന്നെയാണ് സാധ്യത. റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് തന്റെ താൽപര്യമെന്ന് അദ്ദേഹം നിരവധി തവണ വെളിപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡ് പ്രസിഡന്റായ പെരസുമായി നല്ല ബന്ധവും കാർലോക്കുണ്ട്. യുവതാരങ്ങളെ മികച്ച രീതിയിൽ ആൻസലോട്ടി വളർത്തിയെടുക്കുന്നുണ്ടെന്നത് റയൽ മാഡ്രിഡിന്റെ ഭാവി പദ്ധതികൾക്കും അനുയോജ്യമാണ്.

ബ്രസീലിനെ സംബന്ധിച്ച് ആൻസലോട്ടി ഇനി പരിശീലകനായി വരാൻ രണ്ടു സാധ്യതകൾ മാത്രമേയുള്ളൂ. ഒന്ന്, അദ്ദേഹം ഈ സീസണിൽ റയൽ മാഡ്രിഡിനെ മോശം പ്രകടനത്തിലേക്ക് നയിച്ചാൽ കരാർ പുതുക്കാൻ സാധ്യതയില്ല. രണ്ട്, ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിലും ബ്രസീലിന്റെ ഓഫർ കാർലോ സ്വീകരിക്കും. എന്തായാലും ബ്രസീൽ മോശം പ്രകടനം തുടർന്നു കൊണ്ടിരിക്കെ കാർലോ എത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Real Madrid Consider Ancelotti Extension Until 2026