അർജന്റീനക്കെതിരെ വിജയിക്കുമോയെന്നറിയില്ല, ബ്രസീലിന്റെ ലക്‌ഷ്യം മറ്റു ചിലതാണെന്ന് പരിശീലകൻ ഡിനിസ് | Diniz

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തു പോയതിനു ശേഷമുള്ള മോശം പ്രകടനം തുടരുകയാണ് ബ്രസീൽ. ലോകകപ്പിനു ശേഷം മൂന്നു സൗഹൃദമത്സരങ്ങൾ കളിച്ച ടീം അതിൽ രണ്ടെണ്ണത്തിലും തോൽവി വഴങ്ങിയിരുന്നു. ബ്രസീലിനെപ്പോലെ താരനിബിഢമായ ഒരു ടീം ഇത്തരത്തിൽ പരാജയം ഏറ്റു വാങ്ങുന്നതിൽ ആരാധകർ അത്ഭുതപ്പെട്ടിരിക്കെയാണ് ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ടീം മോശം പ്രകടനം തുടരുന്നത്.

അഞ്ചു മത്സരങ്ങളാണ് ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ചത്. അതിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ടീം വിജയം നേടിയെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിൽ ടീമിന് വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെനസ്വലക്കെതിരെ അവസാന മിനിറ്റുകളിൽ സമനില വഴങ്ങിയ ബ്രസീൽ അതിനു ശേഷം യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിൽ നിരാശപ്പെടുത്തുന്ന രീതിയിൽ തോൽവി വഴങ്ങി. ഇന്ന് രാവിലെ കൊളംബിയക്കെതിരെ നടന്ന മത്സരത്തിലും ബ്രസീൽ തോൽവി നേരിട്ടു.

അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം കൈവിട്ട ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. എന്നാൽ ടീമിന്റെ മോശം ഫോമിൽ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനു യാതൊരു ആശങ്കയും നിലവിലില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. തന്റെ ശൈലിക്കനുസരിച്ച് മികച്ചൊരു ടീമിനെ പടുത്തുയർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അർജന്റീനയോടുള്ള വരാനിരിക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിൽ നിന്നും വ്യക്തമാണ്.

“അർജന്റീനക്കെതിരായ മത്സരത്തിൽ ഞങ്ങൾ വിജയിക്കുമോ തോൽക്കുമോ എന്നൊന്നും എനിക്കറിയില്ല. കോപ്പ ലിബർട്ടഡോസ് കിരീടം നേടിയതിനു ശേഷം ഞാനത് പറഞ്ഞിരുന്നു. നോക്കൂ, മത്സരത്തിന്റെ ഫലം എന്താണെന്നത് എനിക്കൊരു താൽപര്യം ഉണ്ടാക്കുന്ന കാര്യമല്ല. ഈ ടീം മെല്ലെ മെല്ലെ പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്. മികച്ച പ്രകടനം നടത്തുകയും കൂടുതൽ പുരോഗമിച്ചു വരികയുമാണ് ഞങ്ങളുടെ ലക്‌ഷ്യം.” മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ഡിനിസിന്റെ വാക്കുകളോട് ഒരു വിഭാഗം ബ്രസീൽ ആരാധകർ അനുകൂലമായാണ് പ്രതികരിക്കുന്നത്. സൗത്ത് അമേരിക്കയിലെ പത്ത് ടീമുകളിൽ നിന്നും ആറു ടീമുകൾക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്നിരിക്കെ ബ്രസീൽ പതറിയാലും യോഗ്യത നേടുമെന്ന് തന്നെയാണ് അവർ കരുതുന്നത്. അതുകൊണ്ടു തന്നെ ടീമിനെ വാർത്തെടുക്കുക എന്നതാണ് അവരുടെ പ്രധാന ലക്‌ഷ്യം. എന്നാൽ അർജന്റീനക്കെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരഫലം അവരെ ബാധിക്കുമെന്ന് തന്നെയാണു കരുതേണ്ടത്.

Diniz Says Results Of Brazil Doesnt Interest Him