റെക്കോർഡുകൾ തകർത്തെറിഞ്ഞ് റൊണാൾഡോയുടെ തേരോട്ടം തുടരുന്നു, മറ്റൊരു നേട്ടം കൂടി സ്വന്തം | Ronaldo

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും പോർചുഗലിനൊപ്പം ലോകകപ്പിലും മോശം പ്രകടനമാണ് നടത്തിയതെങ്കിലും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരത്തിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. അൽ നസ്റിൽ മികച്ച പ്രകടനം നടത്തുന്നതും വളരെ സന്തോഷവാനായി കളിക്കാൻ കഴിയുന്നതും ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ റൊണാൾഡോയെ സഹായിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ ദിവസം ലീച്ച്റ്റെൻസ്റ്റീനെതിരെ നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ വിജയം നേടിയപ്പോഴും താരമായത് റൊണാൾഡോ തന്നെയാണ്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ ഗോൾ കണ്ടെത്തി പോർച്ചുഗലിനെ മുന്നിലെത്തിച്ചു. അതിനു ശേഷം ജോവോ കാൻസലോയുടെ ഗോൾ കൂടി പിറന്നതോടെ പോർച്ചുഗൽ മികച്ച വിജയവുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ റെക്കോർഡുകളുടെ കളിത്തോഴനായ റൊണാൾഡോ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ താരമെന്ന റെക്കോർഡാണ് റൊണാൾഡോയെ തേടിയെത്തിയത്. മുപ്പത്തിയൊന്നു വിജയങ്ങളോടെ റയൽ മാഡ്രിഡിൽ സഹതാരമായിരുന്ന സെർജിയോ റാമോസിന്റെ മുപ്പതു മത്സരങ്ങളുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പത്ത് ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. താരം തന്നെയാണ് യൂറോപ്യൻ യോഗ്യത റൗണ്ടിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പത്ത് ഗോളുകൾ നേടിയ ലുക്കാക്കുവും റൊണാൾഡോക്കൊപ്പം ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ദേശീയ ടീമിനായി തന്റെ ഗോളുകളുടെ എണ്ണം 128 ആയി വർധിപ്പിക്കാനും റൊണാൾഡോക്ക് കഴിഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പിൽ കളിച്ച ഒൻപതിൽ ഒൻപതും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് ഗോളുകൾ റൊണാൾഡോ അടിച്ചു കൂട്ടിയപ്പോൾ രണ്ടു ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിരിക്കുന്നത്. ഇനി യോഗ്യത റൗണ്ടിൽ ഒരു മത്‌സരം കൂടി പോർച്ചുഗലിന് ബാക്കിയുണ്ട്. അതിലും പോർച്ചുഗൽ വിജയം നേടുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു പ്രതീക്ഷിക്കുന്നത്.

Ronaldo Set Most Victories In European Qualifiers