കുവൈറ്റിൽ ഇന്ത്യക്ക് ലഭിച്ച ഈ പിന്തുണക്കു കാരണം മഞ്ഞപ്പടയും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വേറെ ലെവൽ തന്നെ | Kerala Blasters

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ അഭിമാനിക്കാവുന്ന വിജയമാണ് ഇന്ത്യൻ ഫുട്ബോൾ ടീം സ്വന്തമാക്കിയത്. കുവൈറ്റിന്റെ മൈതാനത്ത് അവരെ വരിഞ്ഞു കെട്ടിയ ഇന്ത്യ രണ്ടാം പകുതിയിൽ മൻവീർ സിങ് നേടിയ ഒരേയൊരു ഗോളിലാണ് വിജയം സ്വന്തമാക്കിയത്. ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള ഗ്രൂപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷകളും ഇന്ത്യ സജീവമാക്കി നിലനിർത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വിജയത്തിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചത് കുവൈറ്റിൽ ഇന്ത്യക്ക് പിന്തുണയുമായി എത്തിയ ആരാധകരുമാണ്. മറ്റൊരു രാജ്യത്തായിരുന്നിട്ടു കൂടി വലിയ രീതിയിലുള്ള പിന്തുണയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത്. ശരിക്ക് പറഞ്ഞാൽ കുവൈറ്റിന് അവരുടെ രാജ്യത്തു നിന്നും ലഭിച്ച പിന്തുണയേക്കാൾ ആവേശകരമായിരുന്നു ഇന്ത്യക്ക് ഇന്നലെ ലഭിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ ഓരോ മികച്ച നീക്കങ്ങൾക്കും ആരവങ്ങൾ ഉയരുന്നത് അവിശ്വസനീയമായ രീതിയിലായിരുന്നു.

ഇന്ത്യക്ക് കുവൈറ്റിൽ ലഭിച്ച ഈ വമ്പൻ പിന്തുണയ്ക്ക് നന്ദി പറയേണ്ടത് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടക്കു കൂടിയാണ്. നിരവധി മലയാളി പ്രവാസികൾ നിറഞ്ഞ കുവൈറ്റിൽ വെച്ച് മത്സരം തീരുമാനിച്ച സമയം മുതൽ തന്നെ മത്സരത്തിനായി സ്റ്റേഡിയം നിറക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മഞ്ഞപ്പടയുടെ കുവൈറ്റ് വിങ് നടത്തിയത്. ഇത് സംബന്ധിച്ച് ട്വിറ്ററിൽ കൃത്യമായ വെളിപ്പെടുത്തൽ ചില ആരാധകർ നടത്തിയിരുന്നു.

മൂന്നു മാസമാണ് കുവൈറ്റിലുള്ള മഞ്ഞപ്പട ആരാധകർ ഇതിനായി ശ്രമം നടത്തിയത്. കുവൈറ്റിലുള്ള മലയാളികൾ മാത്രമല്ല, മറിച്ച് മുഴുവൻ ഇന്ത്യക്കാരെയും സ്റ്റേഡിയത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഇതിനു വേണ്ടിയുള്ള കൃത്യമായ പ്രവർത്തനങ്ങൾ, ഗതാഗതസംവിധാനം ഒരുക്കൽ, ആരാധകരെ സജീവമാക്കി നിലനിർത്താനുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം അവർ നടത്തി. അതിനു പുറമെ ഇന്ത്യൻ ടീമിന് ആരാധകർ സ്റ്റേഡിയത്തിൽ സ്വീകരണവും നൽകിയിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീമിന് മറ്റൊരു രാജ്യത്ത് നൽകിയ ഇത്തരമൊരു സ്വീകരണത്തിലൂടെ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ഉത്തരവാദിത്വമുള്ള ആരാധകക്കൂട്ടമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചു. അവരുടെ ശ്രമം വിജയം കണ്ടതിന്റെ കൂടി ഫലമാണ് ഇന്നലെ മത്സരത്തിനായി എത്തിയ ആരാധകക്കൂട്ടം. ആ ആരാധകർ നൽകിയ പിന്തുണയ്ക്ക് മികച്ച പ്രകടനത്തിലൂടെയും വിജയത്തിലൂടെയും നന്ദിയറിയിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനും കഴിഞ്ഞുവെന്നത് കൂടുതൽ സന്തോഷമുള്ള കാര്യമാണ്.

Kerala Blasters Fans Behind Indias Fan Support In Kuwait