യുറുഗ്വായോടു തോറ്റതിന്റെ നിരാശ ബ്രസീലിനോടു തീർക്കാൻ അർജന്റീന, മത്സരത്തിനു ശേഷം മെസിയുടെ വാക്കുകൾ | Messi

ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായുമായുള്ള പോരാട്ടം അർജന്റീനക്ക് ബുദ്ധിമുട്ട് നിറഞ്ഞതാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുപോലെയൊരു തോൽവി ഉണ്ടാകുമെന്ന് അവർ കരുതിയിട്ടുണ്ടാകില്ല. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും യുറുഗ്വായ് പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയവും സ്വന്തമാക്കി.

ആധുനിക ഫുട്ബോളിൽ പല പരിശീലകരും മാതൃകയാക്കുന്ന അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസയുടെ തന്ത്രങ്ങൾ തന്നെയാണ് യുറുഗ്വായുടെ വിജയത്തിന് അടിത്തറ പാകിയത്. യുറുഗ്വായ് താരങ്ങളുടെ കടുത്ത പ്രെസിങ്ങിൽ അർജന്റീന വലഞ്ഞുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലാറ്റിനമേരിക്കയിലെ വമ്പൻ ടീമായി തങ്ങൾ മാറുമെന്ന സൂചന നൽകി യുറുഗ്വായ് നടത്തുന്ന കുതിപ്പിനു കാരണക്കാരനായ ബിയൽസയെ മെസി പ്രശംസിക്കുകയും ചെയ്‌തു.

“ഈ വിജയത്തിൽ മാഴ്‌സലോ ബിയൽസയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് ടീമിന്റെ പ്രകടനം കാണുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. വളരെ മികച്ച രീതിയിൽ കളിക്കുന്ന നല്ലൊരു ടീം അവർക്ക് സ്വന്തമായുണ്ട്. ഏതെങ്കിലും ഒരു ദിവസം ഞങ്ങൾ തോൽക്കേണ്ടിയിരുന്നവർ തന്നെയാണ്, അത് ഇന്ന് സംഭവിക്കുകയും ചെയ്‌തു. ഇതിൽ നിന്നും ഞങ്ങൾ ഉയർത്തെഴുന്നേറ്റ് വരികയും ബ്രസീലിനെതിരെ മികച്ചൊരു മത്സരം കളിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

“ബ്രസീലിനെതിരായ മത്സരം എല്ലായിപ്പോഴും വ്യത്യസ്‌തമായ ഒന്നായിരിക്കും, അതിൽ ഒരുപാട് ചരിത്രവും നിറഞ്ഞു നിൽക്കുന്നുണ്ട്. ആ മത്സരത്തിൽ ഞങ്ങൾ ഇതിൽ നിന്നും ഉയർത്തെഴുന്നേൽക്കണം, അവർ എത്ര മികച്ച ടീമാണെന്നതിനെ ബഹുമാനിച്ചു കൊണ്ടു തന്നെ.” മെസി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു. ബ്രസീലിനെതിരെ ഈ തോൽവിയുടെ ക്ഷീണം മാറ്റണമെന്ന ഉറച്ച തീരുമാനത്തിലാണ് അർജന്റീനയെന്ന് അതിൽ നിന്നും വ്യക്തമാണ്.

ബ്രസീലിനെ സംബന്ധിച്ച് നിലവിലെ ഫോം ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയം നേടാതിരുന്ന അവർ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങുകയും ചെയ്‌തു. ഇന്ന് പുലർച്ചെ കൊളംബിയക്കെതിരെ നടന്ന മത്സരത്തിൽ മുന്നിൽ നിന്നതിനു ശേഷം തോൽവി നേരിട്ട അവർ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. അതിനാൽ തന്നെ അർജന്റീനക്കെതിരെ വിജയം നേടേണ്ടത് അവർക്കും അനിവാര്യമാണ്.

Messi Says Argentina Have To Play A Good Game Against Brazil