ആർത്തിരമ്പി പതിനായിരക്കണക്കിന് ആരാധകർ, കുവൈറ്റിൽ ഇന്ത്യക്ക് ലഭിച്ച പിന്തുണ അവിശ്വസനീയം | India

2026 ലോകകപ്പിനു യോഗ്യത നേടാനുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ വിജയം നേടിയാണ് ഇന്ത്യ തുടങ്ങിയത്. കുവൈറ്റിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ എതിരാളികളെ തളച്ചിട്ട ഇന്ത്യ മുന്നേറ്റനിര താരമായ മൻവീർ സിങ് രണ്ടാം പകുതിയിൽ നേടിയ ഒരേയൊരു ഗോളിലാണ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. കടുപ്പമുള്ള എതിരാളികൾ നിറഞ്ഞ ഗ്രൂപ്പിൽ ആദ്യത്തെ മത്സരത്തിൽ എതിരാളികളുടെ മൈതാനത്ത് വിജയം നേടാൻ കഴിഞ്ഞത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ നേടിയ വിജയത്തിന് നന്ദി പറയേണ്ടത് കാണികളോടു കൂടിയാണ്. അൻപതിനായിരത്തിലധികം പേർക്കിരിക്കാവുന്ന കുവൈറ്റിലെ ജാബർ അൽ അഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കുവൈറ്റിലെ ഏറ്റവും മികച്ച സ്റേഡിയങ്ങളിൽ ഒന്നായ ഇവിടെ എത്തിയ ആരാധകരിൽ വലിയൊരു വിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. സ്വന്തം മൈതാനത്തെന്ന പോലെയാണ് ഇന്ത്യ കുവൈറ്റിൽ നടന്ന മത്സരം കളിച്ചത്.

മത്സരത്തിൽ ഇന്ത്യ നടത്തിയ ഓരോ നീക്കത്തിനും വലിയ രീതിയിലുള്ള ആരവവും പിന്തുണയും ലഭിക്കുന്നത് അവിശ്വസനീയമായ കാഴ്‌ചയായിരുന്നു. കുവൈറ്റിന്റെ നീക്കങ്ങൾക്കു പോലും ഇത്രയധികം ആരവം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ഇത് ഇന്ത്യൻ ടീമിന് വളരെയധികം പ്രചോദനം നൽകിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ എതിരാളികളെ തടഞ്ഞു നിർത്താൻ ടീമിന് ആത്മവിശ്വാസം വർധിക്കാനും ഇത് കാരണമായി.

ഈ പിന്തുണ കൊണ്ടു കൂടി കുവൈറ്റിനെ ഏറ്റവും മികച്ച രീതിയിൽ തന്നെ തടഞ്ഞു നിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. മത്സരത്തിൽ എതിരാളികൾക്ക് വലിയ രീതിയിലുള്ള അവസരമൊന്നും ഇന്ത്യ നൽകിയില്ല. കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ഇന്ത്യ കൃത്യമായ ഇടവേളകളിൽ അവസരങ്ങൾ തുറന്നെടുത്തിരുന്നു. ആദ്യപകുതിയിൽ ഛേത്രിക്ക് മികച്ച ഒരു അവസരം ലഭിച്ചത് നഷ്‌ടമായെങ്കിലും രണ്ടാം പകുതിയിൽ സമാനമായ അവസരം ഗോളിലേക്കെത്തിച്ച് മൻവീർ സിങ് ഇന്ത്യയെ വിജയിപ്പിച്ചു.

ലോകകപ്പ് യോഗ്യത ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യക്ക് കടുപ്പമേറിയത് തന്നെയാണ്. കുവൈറ്റിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയ ഇന്ത്യയുടെ അടുത്ത എതിരാളികൾ ഖത്തറാണ്. ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെതിരെ സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നതു മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ പ്രധാന താരങ്ങളിൽ ചിലരില്ലാതെ കുവൈറ്റിന്റെ മൈതാനത്ത് വിജയം നേടാൻ കഴിഞ്ഞ ഇന്ത്യ ഖത്തറിനെതിരെയും മികച്ച പോരാട്ടവീര്യം പുറത്തെടുക്കുമെന്നുറപ്പാണ്.

India Football Fans Give Big Support In Kuwait