മെസിയെയും ഡി പോളിനെയും ചേർത്ത് അശ്ലീലപ്രയോഗം, യുറുഗ്വായ് താരത്തിന്റെ കഴുത്തിനു പിടിച്ച് അർജന്റീന നായകൻ | Messi

ഖത്തർ ലോകകപ്പിന് ശേഷം അവിശ്വസനീയമായ ഫോമിലും ആത്മവിശ്വാസത്തിലും കളിച്ചു കൊണ്ടിരുന്ന അർജന്റീന ടീമിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചാണ് യുറുഗ്വായ് ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. അർജന്റീനയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുറുഗ്വായ് വിജയം നേടിയത്. ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ആദ്യമായി ഗോൾ വഴങ്ങുന്ന മത്സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

മത്സരത്തിൽ രണ്ടു പകുതികളിലുമായാണ് യുറുഗ്വായ് ഗോളുകൾ നേടിയത്. നാൽപത്തിയൊന്നാം മിനുട്ടിൽ റൊണാൾഡ്‌ അറോഹോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ യുറുഗ്വായ് മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഡാർവിൻ നുനസിലൂടെ വിജയമുറപ്പിച്ചു. മാഴ്‌സലോ ബിയൽസ നയിക്കുന്ന യുറുഗ്വായ് കടുത്ത പ്രെസിങ്ങിലൂടെയാണ് അർജന്റീനയെ വശം കെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച അവർ മികച്ച ടീമായി മാറുന്നുണ്ടെന്ന് ഇന്നത്തെ മത്സരം തെളിയിച്ചു.

മത്സരത്തിനിടയിൽ താരങ്ങൾ തമ്മിലുള്ള തർക്കത്തിനും കുറവില്ലായിരുന്നു. അതിൽ ഏറ്റവും ചർച്ചയാകുന്നത് പിഎസ്‌ജി താരമായ മാനുവൽ ഉഗാർദെ നടത്തിയ അധിക്ഷേപമാണ്. മത്സരത്തിനിടയിൽ ഒരു തർക്കം വന്നപ്പോൾ അർജന്റീന താരമായ റോഡ്രിഗോ ഡി പോളിനെ ലയണൽ മെസിയുടെ ‘കോക്ക് സക്കർ’ എന്നാണു താരം വിശേഷിപ്പിച്ചത്. ഇതിനെത്തുടർന്ന് താരങ്ങൾ തമ്മിൽ സംഘർഷം വർധിക്കുന്നതിന്റെ ഇടയിൽ ഒലിവേരയുടെ കഴുത്തിൽ മെസി കുത്തിപ്പിടിക്കുകയും ചെയ്‌തു.

“ചില ആംഗ്യങ്ങളെക്കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് പറയാതിരിക്കാനാണ് എനിക്ക് താൽപര്യം. ഈ ചെറുപ്പക്കാർ അവർക്കൊപ്പമുള്ള മുതിർന്നവരിൽ നിന്ന് ഒരുപാട് ബഹുമാനിക്കാൻ പഠിക്കേണ്ടതുണ്ട്. ഇന്നത്തെ ഈ മത്സരം എല്ലായ്‌പ്പോഴും തീവ്രവും കഠിനവുമായിരുന്നു, പക്ഷെ എല്ലായിപ്പോഴും വളരെയധികം ബഹുമാനം നിലനിന്നിരുന്നു. ചില താരങ്ങൾ പലതും മനസിലാക്കാനുണ്ട്.” മത്സരത്തിനു ശേഷം ഈ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മെസി പറഞ്ഞു.

ലയണൽ മെസിയും റോഡ്രിഗോ ഡി പോളും എല്ലായിപ്പോഴും ഒന്നിച്ചു നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നതും മെസിയുടെ ബോഡിഗാർഡ് എന്ന വിശേഷണം താരത്തിന് ഉള്ളതെല്ലാമാണ് ഉഗാർദെ അത്തരമൊരു പ്രയോഗം നടത്താൻ കാരണം. കുറച്ചു കടന്നു പോയ പ്രയോഗമാണെങ്കിലും ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ തീവ്രത എത്രത്തോളമുണ്ടെന്ന് അതിൽ നിന്നും വ്യക്തമാകുന്നു. താരത്തിനെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Ugarte Abuse Messi And De Paul