ഏഴാം സ്വർഗത്തിൽ നിന്നും അർജന്റീനയെ താഴെയിറക്കി യുറുഗ്വായ്, ബ്രസീലിനു വീണ്ടും തോൽവി | Argentina

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പന്മാരായ അർജന്റീനക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. അർജന്റീന സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറുഗ്വായോട് തോൽവി വഴങ്ങിയപ്പോൾ ബ്രസീൽ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തിയതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങി കൊളംബിയയോടാണ് തോൽവി വഴങ്ങിയത്. അർജന്റീന നിലവിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണെങ്കിലും ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു.

ഖത്തർ ലോകകപ്പിനു ശേഷം ഒരു മത്സരം പോലും തോൽക്കാതെയും ഒരു ഗോൾ പോലും വഴങ്ങാതെയും കുതിച്ചിരുന്ന അർജന്റീന ടീമിന്റെ കണ്ണു തുറപ്പിച്ച മത്സരമായിരുന്നു യുറുഗ്വായ്‌ക്കെതിരെ നടന്നത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും യുറുഗ്വായ് അവരെ സമർത്ഥമായി പിടിച്ചു കെട്ടുകയും ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ഗോളുകൾ നേടി വിജയം സ്വന്തമാക്കുകയും ചെയ്‌തു.

മത്സരത്തിന്റെ നാല്പത്തിയൊന്നാം മിനുട്ടിലാണ് യുറുഗ്വായ് ആദ്യത്തെ ഗോൾ നേടുന്നത്. ബാഴ്‌സലോണ താരമായ റൊണാൾഡ്‌ അറോഹോയാണ് ഗോൾ നേടിയത്. ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീന വഴങ്ങുന്ന ആദ്യത്തെ ഗോളായിരുന്നു അത്. അതിനു ശേഷം മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മെസിയുടെ കാലിൽ നിന്നും തട്ടിയെടുത്ത പന്തുമായി നടത്തിയ പ്രത്യാക്രമണത്തിൽ ഡാർവിൻ നുനസ് യുറുഗ്വായുടെ വിജയമുറപ്പിച്ച ഗോളും നേടി.

അതേസമയം ബ്രസീലിനു വലിയ തിരിച്ചടി നൽകിയാണ് കൊളംബിയയിൽ വെച്ചു നടന്ന മത്സരത്തിൽ അവർ തോൽവി വഴങ്ങിയത്. നാലാം മിനുട്ടിൽ തന്നെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിൽ ബ്രസീൽ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ കൊളംബിയ തിരിച്ചടിച്ചു. ലിവർപൂൾ താരമായ ലൂയിസ് ഡയസ് ആണ് കൊളംബിയയുടെ രണ്ടു ഗോളുകളും നേടിയത്. കൊളംബിയ മത്സരത്തിൽ പൂർണമായ ആധിപത്യം പുലർത്തിയെന്നതും എടുത്തു പറയേണ്ടതാണ്.

അമിതമായ ആത്മവിശ്വാസത്തിലായിരുന്ന അർജന്റീന ടീമിനെ സംബന്ധിച്ച് കണ്ണു തുറപ്പിക്കുന്ന തോൽവിയാണ് യുറുഗ്വായ്‌ക്കെതിരെ വഴങ്ങിയത്. തന്റെ പിഴവുകൾ പരിഹരിച്ച് ടീമിനെ മാറ്റിയെടുക്കാൻ ഇത് സ്‌കലോണിക്ക് അവസരം നൽകും. അതേസമയം ബ്രസീലിനെ സംബന്ധിച്ച് തുടർച്ചയായ രണ്ടാമത്തെ തോൽവി വലിയ ക്ഷീണം തന്നെയാണ്. ടീമിന്റെ സാഹചര്യം കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ് എന്നു വ്യക്തമാക്കുന്ന തോൽവിയാണു അവർ കൊളംബിയക്കെതിരെ വഴങ്ങിയത്.

Argentina Brazil Lost In World Cup Qualifiers