അൽവാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു, മറ്റൊരു ട്രാൻസ്‌ഫർ രഹസ്യവുമായി മാർക്കസ് മെർഗുലാവോ | Kerala Blasters

ഒരൊറ്റ സീസൺ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചിട്ടുള്ളൂവെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അൽവാരോ വാസ്‌ക്വസ്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ടീമിലെത്തിയ താരം ലൂണ, പെരേര ഡയസ് എന്നിവർക്കൊപ്പം ചേർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഫൈനലിലെത്തിക്കാൻ നിർണായക പങ്കു വഹിച്ചു. ഇരുപതു മത്സരങ്ങളിൽ നിന്നും എട്ടു ഗോളും ഒരു അസിസ്റ്റുമാണ് വാസ്‌ക്വസ് ടീമിനായി സ്വന്തമാക്കിയത്.

അടുത്ത സീസണിലും വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ തീർത്തും നിരാശപ്പെടുത്തിയാണ് താരം എഫ്‌സി ഗോവയിലേക്ക് ചേക്കേറിയത്. താരം സ്വന്തം ഇഷ്‌ടപ്രകാരം ഗോവയിലേക്ക് ചേക്കേറിയതാണോ ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകാതിരുന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം നടത്തിയ പ്രകടനം ഗോവയിൽ ആവർത്തിക്കാൻ വാസ്‌ക്വസിനു കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ ഒരു ഗോൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഗോവയിൽ കളിച്ചിരുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചുവരാൻ വാസ്‌ക്വസ് വളരെയധികം ആഗ്രഹിച്ചിരുന്നു. താരത്തെ തിരിച്ചു കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും നേതൃത്വത്തോട് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇവാൻ വുകോമനോവിച്ചിന് കീഴിൽ വാസ്‌ക്വസിനു മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അത് ടീമിന്റെ പുതിയ സീസണിലേക്ക് മുതൽക്കൂട്ടാകുമെന്നുമാണ് ഏവരും അതിനു കാരണമായി പറഞ്ഞിരുന്നത്.

വാസ്‌ക്വസിനെ സ്വന്തമാക്കാൻ കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു എന്നാണു മാർക്കസ് മെർഗുലാവോ കുറച്ചു മുൻപ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. എഫ്‌സി ഗോവ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനു ഓഫർ ചെയ്‌തിരുന്നെങ്കിലും കാത്തിരിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത്. ഒടുവിൽ അവർ ഘാന താരമായ ക്വാമ പെപ്രയെ സ്വന്തമാക്കി. അതോടെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള വാസ്‌ക്വസിന്റെ മോഹവും അവസാനിച്ചു.

നിലവിൽ സ്‌പാനിഷ്‌ ക്ലബായ എസ്‌സി പൊൻഫെറാദിനക്ക് വേണ്ടിയാണ് അൽവാരോ വാസ്‌ക്വസ് കളിക്കുന്നത്. നാല് മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയ താരത്തിന് ഇതുവരെ ഗോളുകളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് വിടാനെടുത്ത തീരുമാനത്തിൽ അൽവാരോ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും എന്നുറപ്പാണ്. താരവും ലൂണയും തമ്മിൽ നല്ല ബന്ധമുള്ളതിനാൽ തന്നെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണുകയും ടീമിനെ അഭിനന്ദിക്കാനും താരം മുന്നിലുണ്ട്.

Alvaro Vazquez Offered To Kerala Blasters