അന്നെനിക്ക് മെസി നരകം കാണിച്ചു തന്നു, പ്രകോപിപ്പിച്ചാൽ മെസി കൂടുതൽ അപകടകാരിയെന്ന് മാഴ്‌സലോ | Messi

പന്ത് കാലിലെത്തിയാൽ എതിരാളികളെ വകഞ്ഞു മാറ്റി മുന്നേറുന്ന താരമായ മെസി പൊതുവെ കളിക്കളത്തിൽ സൗമ്യനായ താരമായാണ് അറിയപ്പെടുന്നത്. എന്നാൽ സമീപകാലത്തായി പ്രതികരിക്കേണ്ട കാര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നയാളായി മെസി മാറിയിട്ടുണ്ട്. ഖത്തർ ലോകകപ്പിലെല്ലാം മെസിയുടെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. എന്നാൽ കളിക്കളത്തിനു പുറത്തേക്ക് വരുമ്പോൾ സൗമ്യതയും പര്സപരബഹുമാനവും താരം നിലനിർത്തുകയും ചെയ്യാറുണ്ട്.

മൈതാനത്തെ ഫൗളുകൾക്കും കടുപ്പമേറിയ അടവുകൾക്കുമെല്ലാം രൂക്ഷമായി പ്രതികരിക്കാത്ത താരമായിരുന്നു മെസി. അതേസമയം താരത്തെ കളിക്കളത്തിൽ വെച്ച് പ്രകോപിപ്പിച്ചാൽ കൂടുതൽ അപകടകാരിയായി മാറുമെന്നാണ് ക്ലബിനും ദേശീയ ടീമിനും വേണ്ടി നിരവധി തവണ മെസിക്കെതിരെ ഇറങ്ങിയിട്ടുള്ള മാഴ്‌സലോ പറയുന്നത്. കഴിഞ്ഞ ചാർളാ പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോഴാണ് മുൻ റയൽ മാഡ്രിഡ് താരമായ മാഴ്‌സലോ മെസിയെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചത്.

“മത്സരങ്ങൾക്കിടയിൽ മെസി സംസാരിച്ചിരുന്നില്ല, കളിക്കിടെ അധികം മിണ്ടാതിരുന്ന താരമായതിനാൽ തന്നെ ഞാനും മെസിയോട് സംസാരിക്കാതിരിക്കാൻ ശ്രമിച്ചു. താരത്തെ തടയാൻ തീരുമാനിച്ചാൽ നിങ്ങൾ അവനെ പ്രകോപിപ്പിക്കും, അത് താരത്തെ കൂടുതൽ ദേഷ്യപ്പെടുത്തും. മെസി ദേഷ്യപ്പെട്ടാൽ അത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായി മാറുമെന്നതിൽ സംശയമില്ല. അതിനാൽ താരത്തെ അങ്ങനെ തന്നെ വിടണമെന്ന് ഞങ്ങൾ പരസ്‌പരം പറയാറുണ്ടായിരുന്നു.” മാഴ്‌സലോ പറഞ്ഞു.

2017ൽ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണക്കായി വിജയഗോൾ നേടിയതിനു ശേഷം ലയണൽ മെസി ജേഴ്‌സിയൂരി റയൽ മാഡ്രിഡ് ആരാധകർക്ക് കാണിച്ചു കൊടുത്ത ട്രേഡ്‌മാർക്ക് ആഘോഷത്തെക്കുറിച്ചും മാഴ്‌സലോ സംസാരിച്ചു. ആ മത്സരത്തിൽ വളരെയധികം ഫൗളുകൾ ഏറ്റു വാങ്ങിയ മെസിയുടെ വായിൽ നിന്നും ചോരയടക്കം വന്നിരുന്നു. ആ മത്സരത്തിൽ മെസി അക്ഷരാർത്ഥത്തിൽ നരകമാണ് തനിക്കു കാണിച്ചു തന്നതെന്നാണ് മാഴ്‌സലോ പറയുന്നത്.

മാഴ്‌സലോ റയലിലും മെസി ബാഴ്‌സലോണയിലും ഉണ്ടായിരുന്ന സമയത്ത് രണ്ടു താരങ്ങളും തമ്മിൽ കടുത്ത പോരാട്ടം കളിക്കളത്തിൽ നടന്നിരുന്നെങ്കിലും ഇനി അതിനുള്ള സാധ്യതയില്ല. മെസി ഇപ്പോഴും അർജന്റീന ടീമിനായി കളിക്കുന്നുണ്ടെങ്കിലും ബ്രസീലിയൻ ടീമിൽ മാഴ്‌സലോക്ക് ഇനി അവസരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ മാഴ്‌സലോയുടെ വാക്കുകൾ ഒരു മുന്നറിയിപ്പ് കൂടിയാണ്.

Marcelo Talks About Combat With Messi