റഫറിമാർക്കെതിരെ പ്രതിഷേധിച്ചാൽ പത്തു മിനുട്ട് പുറത്ത്, ഫുട്ബോളിൽ പുതിയ നിയമം പണിപ്പുരയിൽ | Sin Bins

ഫുട്ബോൾ ലോകത്ത് എക്കാലവും ചർച്ചയായിട്ടുള്ള കാര്യമാണ് റഫറിമാർ വരുത്തുന്ന വമ്പൻ പിഴവുകൾ. അതിൽ മാറ്റം വരുത്തുവാൻ അത്യാധുനിക സാങ്കേതികവിദ്യകൾ ഓരോന്നോരോന്നായി കൊണ്ടു വരുന്നുണ്ടെങ്കിലും ഇപ്പോഴും റഫറിമാർ പിഴവുകൾ തുടർന്നു കൊണ്ടിരിക്കുന്നു. വീഡിയോ റഫറിയിങ്, ഗോൾ ലൈൻ ടെക്‌നോളജി തുടങ്ങിയ സാങ്കേതികവിദ്യകൾ വന്നിട്ടും ഭീമമായ പിഴവുകളാണ് ഇപ്പോഴും മത്സരങ്ങളിൽ വരുന്നത് എന്നതിനാൽ താരങ്ങളും പരിശീലകരും വലിയ വിമർശനങ്ങൾ നടത്താറുണ്ട്.

റഫറിമാർ വരുത്തുന്ന പിഴവുകൾ കാരണം കളിക്കളത്തിലുള്ള താരങ്ങളും പരിശീലകരും മത്സരം നിയന്ത്രിക്കുന്ന റഫറിമാരോട് കയർക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ഇനി ചെയ്‌താൽ താരങ്ങൾക്ക് വലിയ പണി ലഭിക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. റഫറിമാരെ പൂർണമായും സംരക്ഷിക്കുന്ന മറ്റൊരു നിയമം കൂടി കൊണ്ടുവരാൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ഒരുങ്ങുന്നുവെന്ന് ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

സിൻ ബിൻസ് എന്ന പേരിലുള്ള നിയമമാണ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ പുതിയതായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ പരിധിയിൽ ഒരു താരത്തിന് മഞ്ഞക്കാർഡ് നൽകിയാൽ, എന്നുവെച്ചാൽ റഫറിയെ അധിക്ഷേപിച്ചതിനോ കയർത്തതിനോ ഒരു താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചാൽ പത്ത് മിനുട്ട് കളിക്കളത്തിനു പുറത്തിരിക്കേണ്ടി വരും. അതിനു ശേഷമേ അവർക്ക് കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്താൻ കഴിയൂ. റഫറിമാരെ അധിക്ഷേപിക്കുന്നത് ഒഴിവാക്കാനാണ് ഈ നിയമം കൊണ്ടുവരുന്നത്.

അതേസമയം ഈ നിയമം പാരയാവുക വീഡിയോ റഫറിയിങ് സാങ്കേതികവിദ്യ ഉപയോഗിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള ലീഗുകളിൽ ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിൽ തന്നെ ഈ റഫറിമാരുടെ വമ്പൻ പിഴവുകളും അതിനോട് താരങ്ങൾ പ്രതിഷേധിക്കുന്നതും ലീഗിൽ വളരെയധികം നടക്കുന്ന കാര്യമാണ്. അതിനു പുറമെ പ്രതിഷേധിക്കുന്നവരെ പുറത്തിരുത്തുന്ന നിയമം കൂടി വന്നാൽ റഫറിമാരുടെ പിഴവുകൾ കൂടുന്നതിനാണ് അത് വഴിയൊരുക്കുക.

ഈ നിയമം എന്നാണു നടപ്പിൽ വരുത്തുകയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവിൽ അമേരിക്കൻ ഫുട്ബോളായ റഗ്ബിയിൽ സമാനമായ നിയമം നടപ്പിലാക്കി വരുന്നുണ്ട്.ഇത് സംബന്ധിച്ച് പ്രാഥമികമായ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഏതെങ്കിലും ലീഗിലോ ടൂർണമെന്റിലോ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയതിനു ശേഷമാകും ഇത് എല്ലാ ലീഗിലേക്കും വ്യാപിപ്പിക്കുക. എന്തായാലും ഐഎസ്എൽ റഫറിമാർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ശക്തി ഇതോടെ കുറയുമെന്നതിൽ സംശയമില്ല.

IFAB To Introduce 10 Minute Sin Bins In Football