മെസിയെ തടുക്കാനുള്ള ഫോർമുലയെന്താണ്, കിടിലൻ മറുപടിയുമായി അർജന്റൈൻ പരിശീലകൻ ബിയൽസ | Messi

ലോകകപ്പ് യോഗ്യത മത്സരത്തിലെ വമ്പൻ പോരാട്ടത്തിൽ ലയണൽ മെസിയുടെ അർജന്റീന നാളെ രാവിലെ ഇറങ്ങുമ്പോൾ എതിരാളികൾ അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസയുടെ കീഴിലുള്ള യുറുഗ്വായ് ടീമാണ്. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും വിജയം നേടിയ അർജന്റീന പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയ യുറുഗ്വായ് ടീം രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും യുറുഗ്വായ്ക്കുണ്ട്.

അർജന്റീന ടീമിന്റെ പ്രധാനപ്പെട്ട കരുത്ത് ടീമിലെ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവും അതുപോലെ തന്നെ നായകൻ ലയണൽ മെസിയുടെ മാന്ത്രിക നീക്കങ്ങളുമാണ്. കഴിഞ്ഞ ദിവസം യുറുഗ്വായ് പരിശീലകനായ മാഴ്‌സലോ ബിയൽസയോട് മെസിയെ തടുക്കാനുള്ള ഫോർമുല ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. ലോകത്തിലെ പ്രധാന പരിശീലകരെല്ലാം മാതൃകയാക്കിയിട്ടുള്ള അദ്ദേഹം മെസിയെ തടുക്കാൻ യാതൊരു വഴിയുമില്ലെന്നാണ് വ്യക്തമാക്കിയത്.

“മെസിയെ തടയാനുള്ള വഴികൾ നിങ്ങൾ തരംതിരിക്കുകയാണെങ്കിൽ, അതിനു വേണ്ടത്ര ഫലപ്രദമായ ഒരു രീതിയോ നടപടിക്രമമോ ഇല്ലെന്നു മനസിലാക്കാം. ആരും അവനെ തടയാൻ ഒരു ഫോർമുല കണ്ടെത്തിയില്ലെന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. മികച്ച കളിക്കാരൻ തിളങ്ങുമെന്ന് ഫുട്ബോളിന്റെ പ്രതീക്ഷിക്കയാണ്. അതിനാൽ മികച്ച കളിക്കാരെ തടയാൻ ഫലപ്രദമായ ഫോർമുല ഇല്ല എന്നത് തീർച്ചയായും ഫുട്ബോളിനെ കൂടുതൽ സജീവമാക്കും.”

“മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അവൻ ന്യായമായും, എന്റെ കാഴ്‌ചപ്പാടിൽ, ഒരു സംശയവുമില്ലാത്ത രീതിയിൽ മികച്ച താരമാണ്. മെസിയെ തടയാൻ ചില തന്ത്രങ്ങൾ ഉണ്ടാക്കി അതിൽ വിജയം കണ്ടിട്ടുണ്ടാകാം. എന്നാൽ അടുത്ത മത്സരത്തിൽ അതെ ഫോർമുലയുമായി പോയാൽ മെസി അതിൽ തിളക്കമാർന്ന പ്രകടനം നടത്തുന്നതാണ് കാണുക. അതിനാൽ തന്നെ മെസിയെ തടയാനുള്ള ഒരു ഫോർമുല ഇല്ലെന്ന കാര്യം ഉറപ്പാണ്.” ബിയേൽസ പറഞ്ഞു.

നാളെ രാവിലെ അഞ്ചരക്കാണ് അർജന്റീനയും യുറുഗ്വായും തമ്മിലുള്ള മത്സരം നടക്കുന്നത്. അർജന്റീനക്കു തന്നെയാണ് മത്സരത്തിൽ മുൻ‌തൂക്കമുള്ളത്. സ്വന്തം മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നത് എന്നത് അവർക്ക് കൂടുതൽ കരുത്ത് നൽകും. അതേസമയം മത്‌സരം പൂർണമായും ഏകപക്ഷീയമായി മാറില്ലെന്നാണ് കരുതുന്നത്. രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും നാളെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരം.

Bielsa On Formula To Stop Messi