അർജന്റീനക്ക് ഇനിയും മെച്ചപ്പെടാൻ കഴിയും, ആദ്യ ഇലവനെക്കുറിച്ചുള്ള സൂചനകൾ നൽകി സ്‌കലോണി | Scaloni

ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന കളിക്കാൻ പോകുന്ന ഏറ്റവും കടുപ്പമേറിയ പോരാട്ടമാണ് നാളെ രാവിലെ നടക്കാൻ പോകുന്നത്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ യുറുഗ്വായെയാണ് അർജന്റീന നേരിടാൻ പോകുന്നത്. ഇതുവരെ നടന്ന യോഗ്യത മത്സരങ്ങളിലെല്ലാം വിജയം നേടിയ അർജന്റീനക്ക് തങ്ങളുടെ മുൻ പരിശീലകനായ ബിയൽസ നയിക്കുന്ന യുറുഗ്വായെ പരാജയപ്പെടുത്തി തങ്ങളുടെ അപ്രമാദിത്വം നിലനിർത്തുകയെന്ന ലക്‌ഷ്യം കൂടിയുണ്ട്.

എന്നാൽ യുറുഗ്വായ്‌ക്കെതിരെ ഇറങ്ങുമ്പോൾ മത്സരം ബുദ്ധിമുട്ടേറിയതായിരിക്കും എന്നാണു അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുറുഗ്വായെ തടയാനുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരിക്കും ഇത്. ബിയൽസയുടെ ടീമുകളും യുറുഗ്വായുടെ ഫുട്ബോൾ സംസ്‌കാരവും എങ്ങിനെയാണ് ഫുട്ബോളിനെ സമീപിക്കുക എന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തതയുണ്ട്.”

“അവരുടെ കരുത്തിനെ കൃത്യമായി തടയുക എന്നതായിരിക്കും ഞങ്ങൾ ഈ മത്സരത്തിൽ ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട കാര്യം. ഞങ്ങൾക്ക് ഇനിയും വളരെയധികം മെച്ചപ്പെടാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഓരോ കളിക്കാരും ഈ ടീമുമായി താദാത്മ്യം പ്രാപിക്കുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന പ്രധാന കാര്യം.” കഴിഞ്ഞ ദിവസം മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അർജന്റൈൻ പരിശീലകൻ പറഞ്ഞു.

യുറുഗ്വായ് ടീമിനെതിരെ അർജന്റീനയുടെ ലൈനപ്പ് എങ്ങിനെയായിരിക്കുമെന്നതിന്റെ സൂചനയും അദ്ദേഹം നൽകി. “സ്ഥിരമായി ഞങ്ങൾ ഉപയോഗിക്കാറുള്ള സ്റ്റാർട്ടിങ് ലൈനപ്പ് തന്നെയായിരിക്കും അടുത്ത മത്സരത്തിലും ഉണ്ടാവുക. അതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.” സ്‌കലോണി പറഞ്ഞു. വളരെ ചെറിയ മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ തന്റെ സ്ഥിരം താരങ്ങളെ തന്നെയാകും സ്‌കലോണി ഉപയോഗിക്കുകയെന്നും സാഹസത്തിനു മുതിരില്ലെന്നും അതിൽ നിന്നും വ്യക്തമാണ്.

അർജന്റീന ലോകകപ്പിന് ശേഷം നടന്ന ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങിയിട്ടില്ല. അത്രയും കരുത്തുറ്റ പ്രകടനമാണ് അവരിൽ നിന്നും ഉണ്ടാകുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിലെ നാല് മത്സരങ്ങളിലും അവർ വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുകയാണ്. എന്നാൽ യുറുഗ്വായ് ടീം അവർക്കൊരു ഭീഷണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ തകർത്ത ടീം വലിയ ആത്മവിശ്വാസത്തിലാണുള്ളത്.

Scaloni Hints Argentina Lineup Against Uruguay