യൂറോപ്പിൽ കളിക്കാനുള്ള ഓഫർ നൽകിയിട്ടും കുലുങ്ങിയില്ല, ബ്ലാസ്റ്റേഴ്‌സിനെ മതിയെന്നു തീരുമാനിച്ച് ഇഷാൻ പണ്ഡിറ്റ | Ishan Pandita

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഇന്ത്യൻ സ്‌ട്രൈക്കറായ ഇഷാൻ പണ്ഡിറ്റയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നാണ് ഇരുപത്തിയഞ്ചു വയസുള്ള താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ഇന്ത്യൻ സ്‌ട്രൈക്കർമാരിൽ വളരെയധികം മികവ് കാണിക്കുന്ന താരത്തിന്റെ സൈനിങ്ങ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെ സ്വീകരിച്ച ഒന്നായിരുന്നു. എന്നാൽ അവസരങ്ങൾ കുറവായതിനാൽ ഇതുവരെ ടീമിനായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

അതിനിടയിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകളിൽ ഇഷാൻ പണ്ഡിറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ തിരഞ്ഞെടുത്ത സാഹചര്യം വ്യക്തമാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ വന്ന സമയത്തു തന്നെ ഐ ലീഗ് ക്ലബായ ഇന്റർ കാശിയിൽ നിന്നും ഇഷാൻ പണ്ഡിറ്റക്ക് ഓഫർ വന്നിരുന്നു. ഈ സീസണിൽ പുതിയതായി ഐ ലീഗിൽ എത്തിയ ഇന്റർ കാശി വളരെ മികച്ചൊരു ഓഫറാണ് ഇഷാന് നൽകിയതെങ്കിലും താരം അത് പരിഗണിച്ചില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിറ്റക്ക് ഓഫർ നൽകിയ ഇന്റർ കാശി ആവശ്യപ്പെട്ടത് ഇതായിരുന്നു. ഒരു സീസണിൽ ഐ ലീഗിൽ കളിക്കുക. സീസൺ തീരുമ്പോൾ പന്ത്രണ്ടു ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞുവെങ്കിൽ ഇന്ററിന്റെ മറ്റൊരു ക്ലബായ ഇന്റർ ക്ലബ് ഡി എസ്കേൽഡ്‌സിൽ കളിക്കാനുള്ള അവസരം നൽകാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു. സ്പെയിനിന്റെ അടുത്തുള്ള രാജ്യമായ അണ്ടോറയിലെ ടോപ് ഡിവിഷൻ ക്ലബാണ് ഇന്റർ ക്ലബ് ഡി എസ്കേൽഡ്‌സ്.

എന്നാൽ ഇഷാൻ പണ്ഡിറ്റ ആ ഓഫർ തള്ളി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാൻ താരം ആഗ്രഹിച്ചിരുന്നു എന്നതാണ് അതിൽ നിന്നും വ്യക്തമാകുന്നത്. അതിനു കാരണം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം തന്നെയാണെന്ന കാര്യത്തിലും സംശയമില്ല. എന്നാൽ അവസരങ്ങൾ കുറഞ്ഞത് കാരണം ഇതുവരെ ആരാധകരെ കയ്യിലെടുക്കാൻ കഴിയുന്ന തരത്തിൽ ഒരു പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. അടുത്ത മത്സരത്തിൽ അതിനു കഴിയുമെന്നാണ് പ്രതീക്ഷ.

യൂറോപ്പിൽ ഒരുപാട് കാലം ചിലവഴിച്ചിട്ടുള്ള താരമാണ് ഇഷാൻ പണ്ഡിറ്റ. ലാ ലിഗയിൽ കളിച്ചിട്ടുള്ള അൽമേരിയ, ലെഗാനസ് എന്നിവ അടക്കം സ്പെയിനിലെ നാല് ക്ലബുകളിലാണ് താരം തന്റെ യൂത്ത് കരിയർ പൂർത്തിയാക്കിയത്. അതിനു പുറമെ സീനിയർ കരിയറിലും സ്പെയിനിലെ രണ്ടു ക്ലബുകളിൽ കളിച്ചതിനു ശേഷം താരം 2020ൽ ഗോവയിലേക്ക് ചേക്കേറി. അതിനു ശേഷമാണ് ജംഷെദ്‌പൂരിൽ എത്തുന്നതും പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നതും.

Ishan Pandita Choose Kerala Blasters Over Inter Kashi Offer