യുറുഗ്വായ്‌ക്കെതിരായ തോൽ‌വിയിൽ ആടിയുലഞ്ഞ് അർജന്റീന ടീം, താരങ്ങൾക്ക് ശക്തമായ സന്ദേശവുമായി സ്‌കലോണി | Argentina

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോടേറ്റ തോൽവിക്ക് ശേഷം ഇനിയാർക്കും തങ്ങളെ കീഴടക്കാൻ സാധിക്കില്ലെന്ന രീതിയിലാണ് അർജന്റീന മുന്നോട്ടു പോയിരുന്നത്. ഓരോ മത്സരത്തിലും കൂടുതൽ കൂടുതൽ മികച്ച പ്രകടനം നടത്തിയ അവർ ലോകകപ്പ് കിരീടം നേടുകയും ചെയ്‌തു. അതിനു ശേഷം കൂടുതൽ ആത്മവിശ്വാസം നേടിയ ടീം തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയിച്ചപ്പോൾ അവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നാണ് ഏവരും കരുതിയത്.

എന്നാൽ അർജന്റീനയുടെ അമിതമായ ആത്മവിശ്വാസം കഴിഞ്ഞ ദിവസം തകർന്നടിയുന്നതാണ് കണ്ടത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ് അവരെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്. ബിയൽസ പരിശീലകനായ യുറുഗ്വായ് കടുത്ത പ്രെസിങ്ങിലൂടെ അർജന്റീനയെ വലച്ചപ്പോൾ ഈ വർഷത്തെ ആദ്യത്തെ തോൽവിയാണു അർജന്റീന വഴങ്ങിയത്. സ്വന്തം നാട്ടിൽ വെച്ചാണ് ഈ തോൽവി വഴങ്ങിയതെന്നത് അർജന്റീന ടീമിനു കൂടുതൽ നിരാശ നൽകുകയും ചെയ്‌തു.

ഒരു ദിവസം എന്തായാലും തോൽക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും അതിന്നു സംഭവിച്ചുവെന്നുമാണ് യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിനു ശേഷം നായകനായ ലയണൽ മെസി പറഞ്ഞത്. ലാഘവത്തോടു കൂടിയാണ് മെസി അങ്ങിനെ പറഞ്ഞതെങ്കിലും യാഥാർഥ്യം അങ്ങിനെയല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുറുഗ്വായോട് ഏറ്റു വാങ്ങിയ തോൽവി അർജന്റീന ടീമിനെയും താരങ്ങളെയും വളരെയധികം പിടിച്ചുലച്ചുവെന്നാണ് ജേർണലിസ്റ്റായ ലിയോ പാരഡിസോ പറയുന്നത്.

അർജന്റീന ടീമിലെ പല താരങ്ങൾക്കും തോൽവി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. തോൽവിക്ക് പിന്നാലെ അർജന്റീന ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി താരങ്ങൾക്കെല്ലാം ഒരു ശക്തമായ സന്ദേശവും നൽകിയിട്ടുണ്ട്. ഈ തോൽവിയെ പൂർണമായും മാറ്റിമറിച്ചു കൊണ്ട് ബ്രസീലിനെതിരെ വിജയം നേടുക. ഖത്തറിൽ സൗദി അറേബ്യക്കെതിരെ നടന്ന മത്സരത്തിന് ശേഷം നടന്നത് ആവർത്തിക്കുക എന്നാണു സ്‌കലോണി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ബ്രസീലിനെതിരെ അർജന്റീനക്കു വിജയം നേടിയേ മതിയാകൂ. അതിനു കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിക്കും. കോപ്പ അമേരിക്ക ടൂർണമെന്റ് വരാനിരിക്കുന്നതിനാൽ അർജന്റീന വളരെ ഗൗരവത്തോടു കൂടിയാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. അതേസമയം മൂന്നു മത്സരങ്ങളിൽ വിജയമില്ലാതിരുന്ന ബ്രസീലിനും വിജയം ആവശ്യമായതിനാൽ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Argentina Felt Blow Within The Team After Uruguay Defeat