അച്ഛൻ മരിച്ചിട്ടും ഇന്ത്യൻ ടീം വിട്ടു പോയില്ല, കുവൈറ്റിനെതിരായ വിജയത്തിൽ നിർണായക പങ്കു വഹിച്ച് ഇന്ത്യയുടെ ഫിറ്റ്നസ് കോച്ച് | Luka Radman

ഇന്ത്യൻ ഫുട്ബോൾ ടീം കുവൈറ്റിൽ വെച്ചു നടന്ന എവേ മത്സരത്തിൽ നേടിയ ചരിത്രവിജയം വളരെയധികം ചർച്ചയായതാണ്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടു കൂടി അവരെ നിഷ്പ്രഭമാക്കിയ പ്രകടനം നടത്തിയ ഇന്ത്യൻ ടീം എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. കുവൈറ്റിൽ വെച്ചു നടന്ന മത്സരമായിരുന്നിട്ടു കൂടി ഇന്ത്യയിൽ നടക്കുന്നതു പോലെയൊരു അന്തരീക്ഷം അവിടെ ഒരുക്കിയ ആരാധകരും വിജയത്തിൽ വലിയ പങ്കു വഹിക്കുകയുണ്ടായി.

ഒരുപാട് പ്രതിസന്ധികളുടെ ഇടയിലാണ് ഇന്ത്യൻ ടീം ഈ വിജയം സ്വന്തമാക്കിയതെന്നത് അതിനെ കൂടുതൽ മനോഹരമാക്കുന്നു. ആദ്യ ഇലവനിൽ ഉണ്ടാകേണ്ടിയിരുന്ന നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയിട്ടും അതിന്റെ കുറവുകളൊന്നും കാണിക്കാതെ കളിച്ച ഇന്ത്യ കുവൈറ്റിന് യാതൊരു അവസരവും നൽകിയില്ല. അവസരം ലഭിച്ച സമയത്തെല്ലാം നല്ല രീതിയിൽ ആക്രമണം നടത്തിയ ടീം ഒടുവിൽ മൻവീർ സിങ് നേടിയ ഒരേയൊരു ഗോളിലാണ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്.

വാഴ്ത്തപ്പെടാത്ത ചില ഹീറോകൾ പലപ്പോഴും ടീമിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിക്കുമെന്നതു പോലെയാണ് ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് കോച്ചായ ലൂക്ക റഡ്‌മാൻ കുവൈറ്റിനെതിരായ മത്സരത്തിൽ ടീമിനെ സഹായിച്ചത്. കുവൈറ്റുമായുള്ള മത്സരം നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് തന്റെ അച്ഛൻ മരിച്ച വാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. അദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കങ്ങൾ ഇന്ത്യ നടത്തിയെങ്കിലും അത് നിരസിച്ച് ടീമിനൊപ്പം തുടരുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായൊരു മത്സരമായിരുന്നു കുവൈറ്റിനെതിരെ നടന്നത്. പരിക്കുകളും ഫിറ്റ്നസ് പ്രശ്‌നങ്ങളും ഉണ്ടായിരുന്ന ടീമിൽ നിന്നും അപ്പോൾ താൻ പോയാൽ അത് സ്‌ക്വാഡിനെ പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടാണ് അദ്ദേഹം ടീമിനൊപ്പം തുടർന്നത്. ടീമിനെ ഏറ്റവും മികച്ച രീതിയിൽ തന്നെ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കുവൈറ്റിന്റെ മൈതാനത്ത് അവസാനം വരെ തളരാതെ പൊരുതി ഇന്ത്യൻ ടീം നേടിയ വിജയം.

1998 ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ലൂക്ക റാഡ്‌മാൻ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. 2019 മുതൽ ഇന്ത്യൻ ടീമിനൊപ്പമുള്ള അദ്ദേഹം ഇന്ത്യൻ ടീമിനെ ലോകകപ്പ് കളിപ്പിക്കണമെന്ന ഉറച്ച വിശ്വാസത്തോടു കൂടിയാണ് നിൽക്കുന്നതെന്ന് ഈ സംഭവത്തിൽ നിന്നും വ്യക്തമാണ്. ഇതുപോലെ ആത്മാർഥത കാണിക്കുന്ന ഹീറോകൾ കയ്യടികളും ആദരവും അർഹിക്കുകയും ചെയ്യുന്നു.

Luka Radman Stayed With Indian Team Even After Father Death