ശക്തമായ പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇന്ത്യൻ ഫുട്ബോളിൽ VAR കൊണ്ടുവരാൻ തീരുമാനിച്ച് എഐഎഫ്എഫ് | VAR

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് വളരെയധികം സന്തോഷവും ആശ്വാസവും നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എടുത്തു കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ആരാധകരുടെ നീണ്ട കാലത്തെ ആവശ്യങ്ങൾക്കും പ്രതിഷേധത്തിനുമാണ് ഇതോടെ ഫലം കാണാൻ പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിൽ മാത്രമല്ല, രണ്ടാം ഡിവിഷൻ ലീഗായ ഐ ലീഗിലും വീഡിയോ റഫറിയിങ് സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് എഐഎഫ്എഫിനുള്ളത്. എന്നാൽ ഉടൻ തന്നെ ഇത് നടപ്പിൽ വരില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025-26 സീസൺ മുതലാണ് വീഡിയോ റഫറിയിങ് സംവിധാനം ഇന്ത്യൻ ഫുട്ബോളിൽ നടപ്പിലാക്കാൻ പോകുന്നത്.

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഐഎസ്എല്ലിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്നത്. ഇന്ത്യൻ ഫുട്ബോളിൽ റഫറിമാർ വരുത്തുന്ന വലിയ പിഴവുകൾ ഒരുപാട് ചർച്ചയായതാണ്. കഴിഞ്ഞ സീസണിൽ ഈ സീസൺ മുതൽ വാർ ലൈറ്റ് ഏർപ്പെടുത്തുമെന്ന് എഐഎഫ്എഫ് മേധാവികൾ പറഞ്ഞിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവും നടത്തുകയുണ്ടായില്ല. ഇതിനെത്തുടർന്ന് ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു.

നിലവിലെ റിപ്പോർട്ടുകൾ കൃത്യമായി നടപ്പിൽ വരികയാണെങ്കിൽ അത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഇരട്ടി മധുരമായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിലെ രണ്ടു പ്രധാന ഡിവിഷൻ ലീഗുകളിലും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടു വരുന്നത് ഫുട്ബോളിന്റെ വളർച്ചക്കും റഫറിമാരുടെ മികവ് ഉയർത്തുന്നതിനും കാരണമാകും. നിലവിൽ ഐഎസ്എൽ റഫറിമാരുടെ പിഴവുകൾ കൊണ്ട് ഇന്ത്യയിലെ ആരാധകർ പൊരുതി മുട്ടിയിടിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.

അതേസമയം ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ റഫറിയിങ് സംവിധാനം ഏർപ്പെടുത്തുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള പങ്ക് വലുതാണെന്ന കാര്യം വിസ്‌മരിക്കാൻ കഴിയില്ല. ഐഎസ്എൽ റഫറിമാരുടെ പിഴവുകൾ വരുന്ന സമയത്തെല്ലാം അതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തിയിട്ടുള്ളത്. ആ പ്രതിഷേധം ഈ വിഷയത്തിൽ പെട്ടന്നു തീരുമാനമെടുക്കാൻ എഐഎഫ്എഫിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്.

AIFF To Introduce VAR In ISL And I League From 2025-26 Season