ഇതുപോലെയൊരു നഷ്‌ടം ഇനി വരാനില്ല, ലാറ്റിനമേരിക്കൻ ക്ലബിന്റെ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാതിരുന്നതിന്റെ കാരണം പുറത്ത് | Kerala Blasters

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം അഭ്യൂഹങ്ങൾ പുറത്തു വന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ചുറ്റിപ്പറ്റിയാണെന്ന കാര്യത്തിൽ സംശയമില്ല. നിരവധി താരങ്ങൾ ക്ലബ് വിട്ടതിനാൽ തന്നെ അവർക്ക് പകരക്കാരെ എത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വർധിക്കാൻ അതൊരു വലിയ കാരണമായിരുന്നു. ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ അഭ്യൂഹങ്ങളും അതിലുണ്ടായിരുന്നു.

കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവുമധികം ആഗ്രഹിച്ച സൈനിംഗുകളിൽ ഒന്നായിരുന്നു ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോർണി റൊമേറോയുടേത്. താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വന്നതു മുതൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉണ്ടായിരുന്നത്. കൊളംബിയൻ ക്ലബായ ഓൾവെയ്‌സ് റെഡിയിൽ കളിച്ചിരുന്ന താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സത്യമായിരുന്നു എന്നാണു മാർക്കസ് മെർഗുലാവോ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

മാർക്കസ് മെർഗുലാവോ പറയുന്നത് പ്രകാരം ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ തയ്യാറായിരുന്നു. എന്നാൽ താരത്തിന്റെ ഫീസിന്റെ കാര്യത്തിൽ ധാരണയിലെത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. കൊളംബിയയിലെ ഫസ്റ്റ് ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ വിട്ടുകൊടുക്കാൻ കൊളംബിയൻ ക്ലബിന് താൽപര്യം ഇല്ലാതിരുന്നതിനാൽ തന്നെ അവർ വലിയ തുക ട്രാൻസ്‌ഫർ ഫീസായി ആവശ്യപ്പെട്ടതാണ് ഇതിനു കാരണമെന്നാണ് അനുമാനിക്കേണ്ടത്.

ഇരുപത്തിയഞ്ചു വയസുള്ള ഡോർണി റൊമേരോ ബ്ലാസ്റ്റേഴ്‌സിൽ എത്തിയാൽ ഈ സീസണിൽ നടത്തിയ ഏറ്റവും മികച്ച സൈനിങായി അത് മാറിയേനെ. നിലവിൽ കൊളംബിയൻ ക്ലബിനായി അവിടുത്തെ ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഇരുപത്തിയെട്ടു മത്സരങ്ങൾ കളിച്ച താരം പത്തൊൻപതു ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്. ലീഗിൽ ടോപ് സ്കോററായ റൊമേറോക്ക് പിന്നിൽ രണ്ടാമത് നിൽക്കുന്ന താരം അഞ്ചു ഗോളുകൾ മാത്രമാണ് നേടിയതെന്ന് അറിയുമ്പോഴാണ് എത്ര മികച്ച താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കൈവിട്ടതെന്ന് മനസിലാവുക.

ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ റോമെറോക്ക് താൽപര്യം ഉണ്ടായിരുന്നുവെന്ന് ആ സമയത്തു തന്നെ വ്യക്തമായ കാര്യമാണ്. തന്നെയും കേരള ബ്ലാസ്റ്റേഴ്‌സിനേയും ചേർത്തുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ റോമെറോ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്‌തത്‌ ചെറിയ തോതിൽ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. താരത്തിന്റെ ക്ലബ് ഇതോടെ മുന്നറിയിപ്പ് നൽകിയെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതികൂലമായി ബാധിച്ചുവെന്നാണ് കരുതേണ്ടത്.

Why Kerala Blasters Not Sign Dorny Romero