എംബാപ്പെ മനം കവർന്നപ്പോൾ റെക്കോർഡ് വിജയവുമായി ഫ്രാൻസ്, വീണ്ടും തോറ്റ് ജർമനി | France

യൂറോ യോഗ്യത റൗണ്ടിൽ റെക്കോർഡ് ഗോളുകളുടെ വിജയവുമായി ഫ്രാൻസ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജിബ്രാൾട്ടറിനെ എതിരില്ലാത്ത പതിനാലു ഗോളുകൾക്കാണ് ഫ്രാൻസ് കീഴടക്കിയത്. ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതോടെ ഗ്രൂപ്പ് ബിയിൽ കളിച്ച ഏഴു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയിച്ച് ഒന്നാം സ്ഥാനത്തു തുടരുകയാണ് ഫ്രാൻസ്. ഹോളണ്ടാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

പത്ത് താരങ്ങൾ ഗോൾ കണ്ടെത്തിയ മത്സരത്തിൽ മൂന്നു ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയ എംബാപ്പെ തന്നെയാണ് തിളങ്ങിയത്. മൂന്നാം മിനുട്ടിൽ ഏഥൻ ജെയിംസ് സാന്റോസിന്റെ സെൽഫ് ഗോളിലൂടെയാണ് മത്സരം ആരംഭിച്ചത്. അതിനു പിന്നാലെ മാർക്കസ് തുറാം നാലാം മിനുട്ടിലും പതിനേഴുകാരനായ വാറൻ സെറെ എമറി പതിനാറാം മിനുട്ടിലും ഗോൾ കണ്ടെത്തി. പതിനെട്ടാം മിനുട്ടിൽ ഏഥൻ ജെയിംസ് സാന്റോസിനു ചുവപ്പുകാർഡ് ലഭിച്ചതോടെ മത്സരത്തിന്റെ ഗതി പൂർണമായും മാറി.

മുപ്പതാം മിനുട്ടിൽ എംബാപ്പെ പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ മുപ്പത്തിനാലാം മിനുട്ടിൽ ജോനാഥൻ ക്‌ളൗസ്, കിങ്‌സ്‌ലി കോമൻ, യൂസഫ് ഫൊഫാനാ എന്നിവരും ഗോൾ കണ്ടെത്തി. അതിനു ശേഷം രണ്ടാം പകുതിയിലാണ് ബാക്കിയുള്ള ഗോളുകൾ വരുന്നത്. അഡ്രിയാൻ റാബിയറ്റ്, കിങ്‌സ്‌ലി കോമൻ, ഒസ്മാനെ ഡെംബലെ എന്നിവർ ഗോൾ നേടിയപ്പോൾ എംബാപ്പെ, ജിറൂദ് എന്നിവർ രണ്ടു ഗോളുകൾ വീതം നേടി ടീമിന്റെ വിജയം മികച്ചതാക്കി മാറ്റി.

മത്സരത്തിൽ ഫ്രാൻസ് മികച്ച വിജയം സ്വന്തമാക്കിയപ്പോൾ എംബാപ്പെ തന്നെയാണ് തിളങ്ങിയത്. എന്നാൽ ഇത്രയും വലിയൊരു വിജയത്തിന് പിന്നാലെ എംബാപ്പെ ട്രോളുകളും ഏറ്റുവാങ്ങുന്നുണ്ട്. ഖത്തർ ലോകകപ്പിനു മുൻപ് അർജന്റീനയും ബ്രസീലും വലിയ ടീമുകൾക്കെതിരെ മത്സരിക്കുന്നില്ലെന്നും യൂറോപ്പിലെ ടീമുകൾ അങ്ങിനെയല്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് കളിക്കുന്ന ടീമുകളുടെ നിലവാരം മനസിലായെന്നാണ് ആരാധകർ പറയുന്നത്.

അതിനിടയിൽ മറ്റൊരു മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി തോൽവി വഴങ്ങി. സൗഹൃദ മത്സരത്തിൽ തുർക്കിയാണ് ജർമനിയെ കീഴടക്കിയത്. ഹാവേർട്സ്, ഫുൽകർജ് എന്നിവർ ജര്മനിക്കായി ഗോളുകൾ നേടിയപ്പോൾ കാഡിയോഗ്ളു, യിൽഡിസ്, യൂസഫ് സാറി എന്നിവരാണ് തുർക്കിയുടെ ഗോളുകൾ നേടിയത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയ ജർമനി അതിനു ശേഷം കളിച്ച പത്ത് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയം നേടിയിരിക്കുന്നത്.

France Set Record Win Against Gibraltar Germany Lost